കൊച്ചി: മോഹന്‍ലാലും ശ്രീനിവാസനും സി.ഐ.ഡിമാരായ അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലേതു പോലെ എളുപ്പമല്ല വിദേശത്തെ കേസ് അന്വേഷണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍.
സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ് സരിത് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് എന്‍.ഐ.എ അഭിഭാഷകന്‍ അര്‍ജുന്‍ അമ്പലപ്പറ്റി മോഹന്‍ലാലും ശ്രീനിവാസനും അഭിനയിച്ച അക്കരെ അക്കരെ അക്കരെ എന്ന സിനിമയെ കുറിച്ച് പരാമര്‍ശിച്ചത്.
ചിത്രത്തിലെ കഥാപാത്രങ്ങളായ ദാസനെയും വിജയനെയും പരാമര്‍ശിച്ചുകൊണ്ടാണ്, എന്‍.ഐ.എ അഭിഭാഷകന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. വിദേശത്തെ കേസന്വേഷണം അത്ര എളുപ്പമല്ലെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നുമായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്.
നാട്ടില്‍നിന്നു കാണാതായ സ്വര്‍ണക്കിരീടം തേടി മോഹന്‍ലാലും ശ്രീനിവാസനും അമേരിക്കയില്‍ അന്വേഷണത്തിനു പോവുന്നതാണ് സിനിമയിലെ കഥ.
വിദേശത്തെ അന്വേഷണം സമയമെടുക്കുന്ന പ്രക്രിയയാണെന്ന് എന്‍.ഐ.എ അഭിഭാഷകന്‍ പറഞ്ഞു. എവിടെ നിന്നൊക്കെയാണ് കള്ളക്കടത്തിനായി സ്വര്‍ണം വാങ്ങിയതെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി റിവേഴ്സ് ഹവാല വഴി പണം സമാഹരിച്ചതിനെക്കുറിച്ചു പരിശോധിച്ചു വരികയാണ്.
യു.എ.ഇ അധികൃതരുടെ മേല്‍നോട്ടത്തിലാണ് വിദേശത്തെ അന്വേഷണം നടത്തേണ്ടതെന്നും എന്‍.ഐ.എ അറിയിച്ചു. എന്നാല്‍ കേസിന് രാജ്യാന്തര ബന്ധമുണ്ടെന്ന് പറയുന്ന എന്‍.ഐ.എ കുറ്റപത്രത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു അയച്ച കത്തിന് പുറമേ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരങ്ങളും സ്വര്‍ണക്കടത്ത് കേസ് ഏറ്റെടുക്കാന്‍ കാരണമായിട്ടുണ്ടെന്നും വാദത്തിനിടെ എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക