അറബ് പ്രമുഖര്‍ പാകിസ്ഥാനിലെ ഹൗബാറ ബസ്റ്റാര്‍ഡുകളെ വേട്ടയാടുന്ന ദൃശ്യം; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര മീഡിയ വാച്ച്‌ഡോഗ്
കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും വിവാദമായി ഹൗബറ ബസ്റ്റാര്‍ഡുകളുടെ വേട്ട.
വംശനാശഭീഷണി നേരിടുന്ന ഹൗബാറ ബസ്റ്റാര്‍ഡുകളെ പാകിസ്ഥാനിലെ അറബ് പ്രമുഖര്‍ നിയമവിരുദ്ധമായി വേട്ടയാടുന്നതിനെക്കുറിച്ചുള്ള ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത അമേച്വര്‍ വീഡിയോ റിപ്പോര്‍ട്ടറെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം വീണ്ടും വിവാദമായത്.
കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര മീഡിയ വാച്ച്‌ഡോഗ് രംഗത്തെത്തി.
കറാച്ചിയിലെ മാലിര്‍ ഏരിയയില്‍ നിന്നുള്ള നസിം ജോഖിയോയാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ സമ്പന്നരായ അറബികള്‍ അനധികൃത വേട്ടയാടല്‍ നടത്തിയ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
” എനിക്ക് ഭയമില്ല, ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നു. ഞാന്‍ മാപ്പ് പറയില്ല,” എന്നാണ് വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞത്. നസിം ജോഖിയോ സംസാരിച്ചുകൊണ്ടിരിക്കെ ഒരാള്‍ അദ്ദേഹത്തിന്റെ അടുത്തെത്തി ഫോണ്‍ തട്ടിപ്പറിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്.
ക്ലിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം നസിമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്ന പക്ഷിയാണ് ഹൗബറ ബസ്റ്റാര്‍ഡ്.
2014 ല്‍ സൗദിയില്‍ നിന്നുള്ള ഒരു രാജകുമാരന്‍ 2100 ഹൗബറ ബസ്റ്റാര്‍ഡിനെ വേട്ടയാടിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ ഹൗബറ ബസ്റ്റാര്‍ഡിനെ വേട്ടയാടുന്നത് പാകിസ്ഥാന്‍ സുപ്രീംകോടതി വിലക്കി. പിന്നീട് 2016 ല്‍ കോടതി വിലക്ക് നീക്കുകയും ചെയ്തിരുന്നു.