| Friday, 27th September 2019, 12:31 pm

ഗോരഖ്പൂര്‍ ശിശുമരണത്തില്‍ ഡോ. കഫീല്‍ ഖാന്‍ നിരപരാധി; യു.പി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജഡോ. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ കൊളജ് അഡ്മിനിസ്‌ട്രേഷന്‍ കഫീല്‍ ഖാന് കൈമാറി.

2017ല്‍ കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ അഴിമതിയോ കൃത്യവിലോപമോ കഫീല്‍ ഖാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സംഭവവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാനെ ആശുപത്രിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ഏഴുമാസത്തോളം തടവില്‍ കഴിയേണ്ടിവരികയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവം നടക്കുന്ന സമയത്ത് എന്‍സിഫലിസിസ് വാര്‍ഡിലെ നോഡല്‍ ഓഫീസര്‍ കഫീല്‍ ഖാന്‍ അല്ലായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹം അവധിയില്‍ ആയിരുന്നിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി ചെയ്തു. തന്റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് 500 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അദ്ദേഹം സംഘടിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ്രവ ഓക്‌സിജന്റെ ടെണ്ടര്‍ , സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കഫീല്‍ ഖാന്‍ ഉത്തരവാദിയല്ല. ആഗസ്റ്റ് 10-12 ദിവസങ്ങളിലായി മെഡിക്കല്‍ കോളജില്‍ 54 മണിക്കൂറോളം ദ്രവ ഓക്‌സിജന്റെ അഭാവമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2017 ആഗസ്റ്റില്‍ 60ലേറെ കുട്ടികളാണ് ഗോരഖ്പൂരില്‍ മരണപ്പെട്ടത്. ഓക്‌സിജന്‍ വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന ആരോപണം ഉയര്‍ന്നിരുന്നു.

താന്‍ നിരപരാധിയാണെന്ന് തനിക്ക് എല്ലായ്‌പ്പോഴും ഉറപ്പായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിനോടു പ്രതികരിച്ചുകൊണ്ട് കഫീല്‍ ഖാന്‍ പറഞ്ഞത്. ആ നിര്‍ണായകമായ ആ ദിവസത്തില്‍ ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു. ‘പക്ഷേ എന്നെ തടവിലിട്ടു, മാധ്യമങ്ങളിലൂടെ അവഹേളിച്ചു, കുടുംബത്തെയും മാനസികമായി പീഡിപ്പിച്ചു. ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു.’ അദ്ദേഹം പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്യുന്നു.

We use cookies to give you the best possible experience. Learn more