ന്യൂദല്‍ഹി: ദല്‍ഹിയിലെ ഇസ്രഈല്‍ എംബസിക്ക് മുന്‍പില്‍ നടന്ന സ്‌ഫോടനം എന്‍.ഐ.എ അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനം നടന്നത്. കുപ്പിയില്‍ വെച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണ് പൊട്ടിത്തെറിച്ചത് എന്നായിരുന്നു ആദ്യം അനുമാനിച്ചിരുന്നത്. പിന്നീടുള്ള വിശദമായ പരിശോധനയില്‍
അല്‍ഖ്വയ്ദ തീവ്രവാദികള്‍ ഉപയോഗിക്കുന്ന പി.ടി.ഇ.എന്‍ സ്‌ഫോടകവസ്തുവാണ് ദല്‍ഹിയില്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.
ഇറാനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സംഭവുമായി ബന്ധപ്പട്ട് ചില ഇറാന്‍ പൗരന്മാരെ ചോദ്യം ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഒരുമാസത്തിനിടെ ഇന്ത്യയിലെത്തിയ മുഴുവന്‍ ഇറാന്‍ സ്വദേശികളുടെയും വിവരങ്ങള്‍ കൈമാറാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ദല്‍ഹിയിലെ അബ്ദുള്‍ കലാം റോഡിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. വേറെയും ചില രാജ്യങ്ങളുടെ എംബസിയും നിരവധി എംപിമാരുടെ ഔദ്യോഗിക വസതികളും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്. എന്‍.ഐ.എയുടെ പ്രത്യേകസംഘവും തെളിവെടുപ്പിനായി സ്ഥലത്തെത്തിയിരുന്നു.
അതിനിടെ പാരീസിലെ ഇസ്രഈല്‍ എംബസിക്ക് സമീപത്തും ബോംബ് കണ്ടെത്തിയിരുന്നു.