കോഴിക്കോട്: സംസ്ഥാനത്തൊട്ടുക്കും ഇന്നും വി.എസ് അനുകൂലപ്രകടനങ്ങള്‍. പ്രത്യക്ഷത്തില്‍ സാധാരണപ്രവര്‍ത്തകരാണ് പ്രകടനം നയിക്കുന്നതെങ്കിലും നേതൃത്വത്തിന്റെ പിന്തുണയോടെയാണ് പലയിടത്തും പ്രതിഷേധം അരങ്ങേറുന്നത്. കോട്ടയം ഇല്ലിക്കലില്‍ വി.എസ് അനുകൂലപ്രകടനം നയിക്കുന്നവര്‍ക്കെതിരെ ആക്രമണം നടന്നു. ദല്‍ഹി ജെ.എന്‍.യു കാമ്പസിലും തമിഴ്‌നാട്ടിലും വി.എസിനെ അനുകൂലിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
മലപ്പുറം പരപ്പനങ്ങാടിയില്‍ 300 ഓളം പേര്‍ പങ്കെടുത്ത പ്രകടനം നടന്നു. പൊന്നാനി മണ്ഡലത്തില്‍ 12 ഇടങ്ങളിലാണ് വി.എസ് അനുകൂലപ്രകടനം നടന്നത്. പാലക്കാട് ആലത്തൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. തമിഴ്‌നാട് തിരുപ്പൂരില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ഇ.പി ജയരാജന്റെ വീട്ടിനു മുന്നിലൂടെ പ്രകടനം നടന്നു.
പ്രതിഷേധപ്രകടനങ്ങളില്‍ സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് മുദ്രാവാക്യം വിളികള്‍ ഉയരുന്നത്. സ്ഥാനാര്‍ഥിനിര്‍ണ്ണയം നടന്ന ഉടന്‍ തന്നെ പല സ്ഥലങ്ങളിലും പ്രകടനം തുടങ്ങിയിരുന്നു. കാസര്‍ഗോഡ് മഞ്ചേശ്വരത്താണ് ആദ്യം പ്രകടനം തുടങ്ങിയത്. പിന്നെയത് കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യാപിക്കുകയായിരുന്നു.
അതേസമയം നിയമസഭാതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ മത്സരിപ്പിക്കണമായിരുന്നുവെന്ന് സി.പി.ഐ.എമ്മിന്റെ വിവിധ ജില്ലാ കമ്മിറ്റികളില്‍ അഭിപ്രായമയുര്‍ന്നു. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ്, ഇടുക്കി ജില്ലാ കമ്മിറ്റികളാണ് വി.എസ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്. വി.എസ്.മത്സരിക്കേണ്ടെന്ന സംസ്ഥാനസമിതി തീരുമാനം ചര്‍ച്ചയ്ക്കു വന്നപ്പോഴാണ് ജില്ലാ കമ്മിറ്റികള്‍ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.