ചെന്നൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ ആദ്യം ഹോം മാച്ചിനു തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നറിയിപ്പുമായി തമിഴ് വാഴ്വുമുറൈ കക്ഷി. കാവേരി പ്രശ്നത്തിലെ പ്രതിഷേധത്തിനിടയില്‍ എന്തും സംഭവിക്കാമെന്നും പിന്നീട് തങ്ങളെ കുറ്റം പറയരുതെന്നും കക്ഷി നേതാവ് വേല്‍മുരുകന്‍ ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ കാവേരി തര്‍ക്കം നിലനിര്‍ത്തുന്നതിനാല്‍ ചെന്നൈയുടെ ഹോം മത്സരങ്ങളുടെ വേദി മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വേദി മാറ്റേണ്ടതില്ലെന്നായിരുന്നു ഐ.പി.എല്‍ സമിതിയുടെ തീരുമാനം. ഇന്നലെ ഐ.പി.എല്‍ ചെയര്‍മാര്‍ രാജീവ് ശുക്ലയായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിനു പിന്നാലെയാണ് തമിഴ് വാഴ്വുമുറൈ കക്ഷി സൂപ്പര്‍ കിങ്‌സിനു മുന്നറിയിപ്പുമായി വന്നത്.
“കുടിവെള്ളത്തിന് വേണ്ടി തമിഴ് ജനത പോരാടിക്കൊണ്ടിരിക്കുമ്പോള്‍ ഐ.പി.എല്‍ എന്ന ചൂതാട്ടം ഇവിടെ നടത്തേണ്ട. തങ്ങളുടെ വികാരം കളിക്കാര്‍ മനസിലാക്കണം. ഹോം മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള പരിശീനത്തിന് അഡയാറിലുള്ള ഒരു ഹോട്ടലിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ താമസിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. ഒരുപക്ഷേ നിങ്ങള്‍ എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുമ്പോള്‍ അനിഷ്ടകരമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഞങ്ങളാരും ഉത്തരവാദികളായിരിക്കില്ല. തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിന് യുവാക്കള്‍ കാവേരി വിഷയത്തില്‍ കനത്ത കോപത്തിലാണ്” വേല്‍മുരുകന്‍ പറഞ്ഞു.
കാവേരി ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തുന്നതിനെതിരെ രജനീകാന്ത് ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിരുന്നു. ഇതിനിടയില്‍ ചെന്നൈയിലെ മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ സ്റ്റേഡിയത്തില്‍ ആവശ്യത്തിന് സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ഐ.പി.എല്ലിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു രാജിവ് ശുക്ലയുടെ നിലപാട്. ഇന്നു വൈകീട്ട് എട്ടുമണിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായിട്ടാണ് ഈ സീസണിലെ ചെന്നൈയുടെ ആദ്യ ഹോംമാച്ച്. ഈ മാസം 20ന് രാജസ്ഥാന്‍ റോയല്‍സുമായാണ് അടുത്ത ഹോം മാച്ച് നടക്കുക.