അല്‍ജീരിയ: അല്‍ജീരിയ-ഇറാഖ് ഫുട്‌ബോള്‍ മത്സരത്തിനിടെ അല്‍ജീരിയന്‍ ആരാധകര്‍ സദ്ദാം അനുകൂല മുദ്രാവാക്യം വിളിച്ചത് വിവാദമാകുന്നു. സെപ്റ്റംബര്‍ ഒമ്പതിന് അല്‍ജീരിയയില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.
സംഭവം ചര്‍ച്ചയായതോടെ ഇറാഖിന്റെ വിദേശകാര്യമന്ത്രാലയം അല്‍ജീരിയന്‍ അംബാസിഡറെ ബാഗ്ദാദിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ മഹത്വവത്കരിക്കുന്ന മുദ്രാവാക്യങ്ങളാണ് അല്‍ജീരിയന്‍ ആരാധകര്‍ വിളിച്ചത്. കൂടാതെ ഷിയാക്കള്‍ക്കെതിരെ അധിക്ഷേപവാക്കുകള്‍ ചൊരിയുകയും ചെയ്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ബാഗ്ദാദിലെ അല്‍ ഖ്വവ അല്‍ ജാവിയാ ക്ലബ്ബിലെ കളിക്കാര്‍ മത്സരം പാതിവഴിയില്‍ നിര്‍ത്തി കളം വിട്ടിരുന്നു. അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരം റഫറി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
സര്‍ക്കാറിന്റെയും ജനങ്ങളുടെയും ധാര്‍മ്മികരോഷം പ്രകടിപ്പിക്കുക മാത്രമാണ് ഇറാഖ് ചെയ്തിരിക്കുന്നതെന്ന് ഇറാഖ് വിദേശകാര്യ വക്താവ് അഹമ്മദ് മഹ്ജൗബ് പറഞ്ഞു.
“സദ്ദാം ഹുസൈന്‍, ദൈവം വലിയവനാണ്” എന്നായിരുന്നു അല്‍ജീരിയന്‍ ആരാധകര്‍ വിളിച്ചു പറഞ്ഞത്. ഇറാഖിലെ ഭൂരിപക്ഷമായ മുസ്‌ലിം സമുദായത്തിലെ ന്യൂനപക്ഷമായ ഷിയാക്കളെ അധിക്ഷേപിക്കുന്ന സമീപനവും ആരാധകരില്‍ നിന്നുണ്ടായതായി അല്‍ജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പു നല്‍കിയില്ലെങ്കില്‍ അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തങ്ങളുടെ ടീമിനെ പിന്‍വലിക്കുമെന്ന് ഇറാഖി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.