ഗോ ബാക്ക് 'ജിനോസൈഡ് ജോ'; വിര്‍ജീനിയയില്‍ ജോ ബൈഡന്റെ പ്രസംഗം 12 തവണ തടസപ്പെടുത്തി ഫലസ്തീന്‍ അനുകൂലികള്‍
World News
ഗോ ബാക്ക് 'ജിനോസൈഡ് ജോ'; വിര്‍ജീനിയയില്‍ ജോ ബൈഡന്റെ പ്രസംഗം 12 തവണ തടസപ്പെടുത്തി ഫലസ്തീന്‍ അനുകൂലികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th January 2024, 3:37 pm

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസംഗം വീണ്ടും തടസപ്പെടുത്തി ഫലസ്തീന്‍ അനുകൂലികള്‍. വിര്‍ജീനിയയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രതിഷേധക്കാര്‍ 12 ലധികം തവണ ബൈഡന്റെ പ്രസംഗം തടസപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രസംഗം തടസപ്പെടുത്തിക്കൊണ്ട് ‘വംശഹത്യ ജോ’ (Genocide Joe) എന്നതടക്കമുള്ള മുദ്രാവാക്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരെ ഫലസ്തീന്‍ അനുകൂലികള്‍ ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രഈല്‍ ഭരണകൂടം ഓരോ മണിക്കൂറിലും ഗസയിലെ ഒരു അമ്മയെ വീതം കൊല്ലുന്നു, അവര്‍ക്ക് സമാനമായി അമേരിക്ക എത്ര കുട്ടികളെ കൊന്നൊടുക്കിയെന്ന് ബൈഡനെതിരെ പ്രതിഷേധക്കാര്‍ ചോദ്യമുയര്‍ത്തി.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ നിയന്ത്രിച്ച് ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇസ്രഈലിന് പൂര്‍ണ പിന്തുണ നല്‍കുന്ന യു.എസിന് മേല്‍ തങ്ങള്‍ വംശഹത്യ കുറ്റം ചുമത്തുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ക്കെതിരെ ഉച്ചത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചിട്ടും റാലിയെ അഭിസംബോധന ചെയ്യുന്നതില്‍ ബൈഡന്‍ പൂര്‍ണമായും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

ബൈഡനെതിരെ പ്രതിഷേധക്കാര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലുള്ളതായിരുന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു.

അതേസമയം ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ടെന്നും ജോ ബൈഡന്‍ പ്രതികരിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ജോ ബൈഡന്റ് കടുത്ത പ്രതിസന്ധി നേരിടുമെന്ന് ഏതാനും ചില സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 25,490 ആയി വര്‍ധിച്ചുവെന്നും 63,354 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

Content Highlight: Pro-Palestinians boycotted Joe Biden’s speech in Virginia 12 times