കാന്‍ബെറ: സിഡ്നി തുറമുഖത്ത് എത്തിയ ഇസ്രഈലി കപ്പലുകളെ തടഞ്ഞ് ഫലസ്തീന്‍ അനുകൂലികള്‍. ഓസ്ട്രേലിയന്‍ സൈന്യത്തിന് ആയുധങ്ങള്‍ എത്തിക്കുന്ന ഇസ്രഈല്‍ കപ്പലാണ് അനുകൂലികള്‍ തടഞ്ഞുവെച്ചത്. തുടര്‍ന്ന് പൊലീസും ഫലസ്തീന്‍ അനുകൂലികളും ഏറ്റുമുട്ടല്‍ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാരിടൈം യൂണിയന്‍ ഓഫ് ഓസ്ട്രേലിയ, ഫലസ്തീന്‍ ജസ്റ്റിസ് മൂവ്മെന്റ് സിഡ്നി എന്നിവയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഇസ്രഈലി കപ്പലിനെ തുറമുഖത്ത് തടഞ്ഞത്. തുറമുഖത്തിന്റെ പ്രവേശന കവാടത്തിലൂടെ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. ഇതിനുപിന്നാലെയാണ് അനുകൂലികള്‍ കപ്പല്‍ തടഞ്ഞത്.
‘ഞങ്ങളുടെ തുറമുഖങ്ങളില്‍ നിങ്ങള്‍ക്ക് പ്രവേശനമില്ല. എല്ലാ ആഗോള ഷിപ്പിങ് കമ്പനികളും ഇത് മുന്നറിയിപ്പ് ആയി എടുക്കുക. ഇസ്രഈലി ഉടമസ്ഥതയില്‍ നിര്‍മിച്ച ചരക്കുകള്‍ നിങ്ങള്‍ ശേഖരിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുക. അങ്ങനെയാണെങ്കില്‍ ഈ തുറമുഖത്ത് നിങ്ങള്‍ക്കെതിരെ പ്രതിഷേധമുണ്ടാവില്ല,’ എന്ന് മാരിടൈം യൂണിയന്‍ ഓഫ് ഓസ്ട്രേലിയയുടെ നേതാക്കള്‍ വ്യക്തമാക്കി.
ഇസ്രഈലിന് പിന്തുണ നല്‍കുന്ന പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ കൈകളില്‍ ഫലസ്തീനികളുടെ രക്തമുണ്ടെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇസ്രഈലുമായി ബന്ധമുള്ള ഒരു കമ്പനിക്കും ഓസ്ട്രേലിയ പിന്തുണ നല്‍കരുതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ഫെഡറല്‍ ഗ്രീന്‍സ് സെനറ്ററും ഡെപ്യൂട്ടി ലീഡറുമായ മെഹ്റിന്‍ ഫാറൂഖി പറഞ്ഞു.
റാലിക്കിടയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സംഘടന നേതാക്കളടക്കം 19 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക പാതകള്‍ തടസപ്പെടുത്തുക, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുക തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
Content Highlight: Pro-Palestinians block Israeli ships arriving in Sydney Harbour