| Friday, 26th April 2024, 8:13 pm

'ഞങ്ങളുടെ കണ്ണില്‍ നിങ്ങള്‍ യുദ്ധ മോഹിയാണ്'; നാന്‍സി പെലോസിക്കെതിരെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: മുന്‍ യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ പ്രസംഗം തടസപ്പെടുത്തി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍. നാന്‍സി പെലോസി യുദ്ധ മോഹിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. തങ്ങളുടെ കണ്ണില്‍ നാന്‍സി പെലോസി രാജാവല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലിന്റെ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗസയിലെ പൗരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫലസ്തീന്‍ പതാക ഉയര്‍ത്തിപിടിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രസംഗം തടസപ്പെടുത്തിയത്. പ്രതിഷേധക്കാരില്‍ ഒരാളായ റോസി വില്‍സണ്‍, പെലോസിയും ബൈഡന്‍ ഭരണകൂടവും വംശഹത്യയ്ക്ക് സംഭാവന നല്‍കി എന്നും ചൂണ്ടിക്കാട്ടി.

അതേസമയം പ്രതിഷേധത്തിനിടയിലും നാന്‍സി പെലോസി തന്റെ പ്രസംഗം തുടര്‍ന്നു. ഗസയുടെ ദുരിതം അവസാനിപ്പിക്കണമെന്നും ഫലസ്തീനിലും ഇസ്രഈലിലും ഒരേ സമയം സമാധാനം പുനഃസ്ഥാപിക്കണമെന്നും മുന്‍ യു.എസ് ഹൗസ് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ തല്‍സ്ഥാനത്ത് നിന്ന് അധികൃതര്‍ മാറ്റുകയുണ്ടായി.

ഇതിനുപിന്നാലെ നാന്‍സി പെലോസിയെ പോലെ യുദ്ധം ചെയ്യുന്നവരെ സര്‍വകലാശാല ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും വംശഹത്യ അവസാനിപ്പിക്കണമെന്നും യൂത്ത് ഡിമാന്‍ഡ് എന്ന സംഘടനാ സംഭവത്തില്‍ പ്രതികരിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യു.എസിലെ ഏതാനും സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഫലസ്തീന്‍ അനുകൂല നിലപാടെടുക്കുകയും അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

യു.എസ് ക്യാമ്പസുകളിലെ ഫലസ്തീന്‍ അനുകൂല സമരങ്ങളില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ പ്രതികരിച്ചിരുന്നു. സമരങ്ങള്‍ സെമിറ്റിക് വിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നും നെതന്യാഹു പറഞ്ഞു. സമരക്കാര്‍ ജൂത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു.

Content Highlight: Pro-Palestinian students at Oxford University disrupt Nancy Pelosi’s speech

We use cookies to give you the best possible experience. Learn more