| Wednesday, 24th May 2023, 6:45 pm

ന്യൂയോര്‍ക്കിലെ ലോ കോളേജില്‍ ഫലസ്തീന്‍ അനുകൂല പ്രസംഗം നീക്കിയ സംഭവം; അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് (സി.യു.എന്‍.വൈ) സ്‌കൂള്‍ ഓഫ് ലോയില്‍ ഫലസ്തീനെ കുറിച്ച് സംസാരിച്ച വീഡിയോ യൂട്യൂബില്‍ നിന്ന് എടുത്ത് കളഞ്ഞതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടന. കോളേജിലെ ബിരുദദാന ചടങ്ങില്‍ യെമനില്‍ നിന്നുള്ള ഫാത്തിമ മുഹമ്മദ് ഫലസ്തീനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ പരിപാടി കഴിഞ്ഞ് അല്‍പ സമയത്തിനകം തന്നെ കോളേജ് യൂട്യൂബ് ചാനലില്‍ നിന്ന് പ്രസംഗം പിന്‍വലിച്ചു.

അടിച്ചമര്‍ത്തല്‍ വ്യവസ്ഥകളെ നേരിടാന്‍ വേണ്ടിയാണ് താന്‍ നിയമം പഠിച്ചതെന്നും ഫാത്തിമ പ്രസംഗത്തില്‍ പറഞ്ഞു.

‘ഇസ്രഈല്‍ നിരന്തരമായി ബുള്ളറ്റുകളും ബോംബുകളും ഫലസ്തീനികള്‍ക്ക് മേലെ വര്‍ഷിച്ച് കൊണ്ടിരിക്കുകയാണ്. പ്രായമുള്ളവരെയും ചെറുപ്പക്കാരെയും കൊല്ലുന്നു. മൃതദേഹങ്ങളെ പോലും വെറുതെ വിടുന്നില്ല.
അവര്‍ ഫലസ്തീനികളെ അവരുടെ വീട്ടുകളില്‍ നിന്നും ഒഴിപ്പിക്കുന്നത് തുടരുകയാണെങ്കില്‍ ഇനിയും നാം നിശബ്ദരായി ഇരുന്നു കൂടാ’, എന്നാണ് ഫാത്തിമ പ്രസംഗിച്ചത്.

പ്രസംഗം ഫലസീതിനെ കുറിച്ചുള്ളതായതിനാലാണ് വീഡിയോ പിന്‍വലിച്ചതെന്ന് വിദ്യാര്‍ത്ഥികളും ആക്റ്റിവിസ്റ്റുകളും പ്രതികരിച്ചു.

എന്നാല്‍ ഇത് യഹൂദ വിരോധിയുടെ പ്രസംഗമാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഫാത്തിമക്ക് നേരിടേണ്ടി വന്നു. ഇതിനിടയിലാണ് ഫാത്തിമയെ പിന്തുണച്ച് കൊണ്ട് സി.യു.എന്‍.വൈ സ്‌കൂള്‍ ഓഫ് ലോ ജ്യൂയിഷ് ലോ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കത്ത് അയച്ചിരിക്കുന്നത്.

‘ഫലസ്തീനിയന്‍ ജീവിത സാഹചര്യങ്ങളെക്കുറിച്ച് വിവരിക്കുമ്പോള്‍ യഹൂദ വിരോധിയെന്ന് മുദ്ര കുത്തുന്നത് വിവേകശൂന്യമാണ്. സി.യു.എന്‍.വൈക്ക് ജൂത വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ശ്രദ്ധയുണ്ടെങ്കില്‍ അത് ഫാത്തിമയിലൂടെ തെളിയിക്കണം,’ കത്തില്‍ പറയുന്നു.

പ്രസംഗം നീക്കിയ നിലപാടില്‍ അപലപിച്ച് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സിന്റെ ന്യൂയോര്‍ക്ക് ഘടകവും രംഗത്തെത്തി.

മെയ് 12നായിരുന്നു ചടങ്ങ് നടന്നത്. 2014 മുതല്‍ 2021 വരെയുള്ള ബിരുദദാന ചടങ്ങുകളുടെ വീഡിയോ കോളേജ് യൂട്യൂബ് പേജില്‍ ലഭ്യമാണ്. 2022ലെ പരിപാടിയുടെ ഉദ്ഘാടകന്‍ ഫലസ്തീന്‍ ആക്ടിവിസ്റ്റും വിത്ത് ഇന്‍ അവര്‍ ലൈഫ് ടൈം ഫലസ്തീന്‍ എന്ന സംഘടനയുടെ സ്ഥാപകനുമായ നര്‍ദീന്‍ കിശ്‌വാനിയായിരുന്നു. എന്നാല്‍ ഫലസ്തീനെതിരെയുള്ള ഇസ്രഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രസംഗിച്ചതില്‍ അവരും അന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ വീഡിയോയും ഇപ്പോള്‍ ലഭ്യമല്ല.

‘എല്ലാ വേദികളും ഫലസ്തീന്‍ വിമോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ കിട്ടുന്ന അവസരമാണ്. ഞാന്‍ അമേരിക്കയിലാണെങ്കിലും ഫലസ്തീനികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്റേത് കൂടിയാണ്. ഞാന്‍ ഇപ്പോഴും എന്റെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു,’ കിശാനി മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു. 2023 മെയ് 12 വരെ തന്റെ വീഡിയോ യൂട്യൂബിലുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

അതേസമയം 2020 മുതല്‍ 2023 വരെയുള്ള പരിപാടിയുടെ വീഡിയോ യൂട്യൂബിലില്ലെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 2021ലേത് ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്.

എന്നാല്‍ ‘2020 മുതല്‍ 2023 വരെയുള്ള ബിരുദദാന ചടങ്ങിന്റെ വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാക്കും. വീഡിയോകളില്‍ മുന്‍ വര്‍ഷത്തെ പോലെ എല്ലാവരുടെയും പ്രസംഗങ്ങള്‍ ഉണ്ടായിരിക്കും,’ എന്ന് സി.യു.എന്‍.വൈ സ്‌കൂള്‍ ഓഫ് ലോയുടെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ എലീസ് ബില്ലിങ് പറഞ്ഞു.

content highlight: Pro-Palestinian speech removed at New York Law College; Students against them

We use cookies to give you the best possible experience. Learn more