ഫലസ്തീൻ അനുകൂല പ്രതിഷേധം; യു.എസിൽ 550 വിദ്യാർത്ഥികൾ അറസ്റ്റിൽ
World News
ഫലസ്തീൻ അനുകൂല പ്രതിഷേധം; യു.എസിൽ 550 വിദ്യാർത്ഥികൾ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th April 2024, 9:32 am

ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രഈല്‍ നടത്തിവരുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന് യു.എസിലെ ക്യാമ്പസുകളിലുടനീളം ഇതുവരെ 550 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്താലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

അറസ്റ്റിലായവരെല്ലാം രാജ്യത്തെ പ്രധാന സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ്. ഹാര്‍വാഡ്, കൊളംബിയ, യേല്‍, യുസി ബെര്‍ക്ക്‌ലി ഉള്‍പ്പടെ യു.എസിലെ പ്രധാന സര്‍വകലാശാലകളിലെല്ലാം സമരം ഇപ്പോഴും തുടരുകയാണ്. ഡെന്‍വറിലെ ഔറേറിയ ക്യാമ്പസില്‍ 40 പ്രതിഷേധക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് എതിരായാണ് സര്‍വകാലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിഷേധം അനാവശ്യമാണെന്നും ഇതിനെതിരെ പൊലീസ് നടപടി ഉണ്ടാകുമെന്നുമാണ് സര്‍വകലാശാലയുടെ നിലപാട്.

അറ്റ്‌ലാന്റയിലെ എമോറി സര്‍വകലാശാലയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ കഴിഞ്ഞ ദിവസം പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും വിദ്യാര്‍ത്ഥികളെ ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു. കോളേജ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് നടപടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയിലും വിദ്യാര്‍ത്ഥി പ്രകടനങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. വിദ്യാര്‍ത്ഥികളെ പൊലീസ് ആക്രമിക്കുന്നത് തടഞ്ഞ പ്രൊഫസറെ പൊലീസ് മര്‍ദിക്കുന്നതിന്റെയും കൈവിലങ്ങ് ധരിപ്പിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി കൊളംബിയ സര്‍വകലാശാലകളില്‍ നിന്ന് മാത്രമായി 100ലധികം വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തെ ഹ്യൂമന്‍ റൈറ്റ് വാച്ചും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും അപലപിച്ചു.

ക്യാമ്പസുകളില്‍ നടക്കുന്ന ഫലസ്തീന്‍ അനുകൂല സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തിടെ രംഗത്തെത്തിയിരുന്നു. സമരക്കാര്‍ ജൂതവിരുദ്ധരാണെന്നാണ് നെതന്യാഹു ഇതിനോട് പ്രതികരിച്ചത്.

Content Highlight: Pro-Palestinian protests; 550 students arrested in US