Advertisement
World News
'ഇസ്രഈല്‍ അനുകൂലതയുടെ ഇര'; വിരമിക്കല്‍ കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതയായെന്ന് കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Tuesday, 14th January 2025, 3:37 pm

വാഷിങ്ടണ്‍: വിരമിക്കല്‍ കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായതായി കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂലിയായ പ്രൊഫസര്‍ കാതറിന്‍ ഫ്രാങ്കെ. വിരമിക്കലിനെ രുചികരമായ ഒരു പിരിച്ചുവിടല്‍ എന്ന് കാതറിന്‍ ഫ്രാങ്കെ വിശേഷിപ്പിച്ചു.

25 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കാതറിന്‍ ഫ്രാങ്കെ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് വിരമിക്കുന്നത്. നിയമവിഭാഗം ഡിപ്പാര്‍ട്ട്‌മെന്റിലെ ഫാക്കല്‍റ്റിയായിരുന്നു കാതറിന്‍.

നേരത്തെ കൊളംബിയ സര്‍വകലാശാലയില്‍ കാതറിന്‍ സെന്റര്‍ ഫോര്‍ ജെന്‍ഡര്‍ ആന്റ് സെക്ഷ്വാലിറ്റി ലോ നടപ്പിലാക്കിയിരുന്നു. അടുത്തിടെ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെന്റര്‍ ഫോര്‍ ഫലസ്തീന്‍ സ്റ്റഡീസിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും കാതറിന്‍ ഫ്രാങ്കെ പ്രവര്‍ത്തിച്ചു.

ഇസ്രഈലിനും പ്രധാനമന്ത്രി നെതന്യാഹുവിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും കാതറിന്‍ ഉയര്‍ത്തിയിരുന്നു. കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങൾക്കും കാതറിന്‍ പിന്തുണ നല്‍കിയിരുന്നു. ഇതിനുപിന്നാലെ താന്‍ വിരമിക്കല്‍ കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായി എന്നാണ് കാതറിന്‍ പറയുന്നത്.

ക്ലാസ് മുറികളില്‍ പ്രവേശിക്കാനും ക്യാമ്പസിലൂടെ നടക്കാനും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഇനിമുതല്‍ തടസമുണ്ടെന്നും കാതറിന്‍ ഫ്രാങ്കെ പറഞ്ഞു. ഈ പ്രതിരോധങ്ങള്‍ നിലനില്‍ക്കുന്ന കൊളംബിയ സര്‍വകലാശാലയുടെ ക്യാമ്പസ് പ്രതികൂലമായ ഒരു തൊഴില്‍ അന്തരീക്ഷമായാണ് താന്‍ കണക്കാക്കുന്നതെന്നും കാതറിന്‍ ചൂണ്ടിക്കാട്ടി.

ഇതേ തുടര്‍ന്ന് സര്‍വകലാശാലയിലെ അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും പൂര്‍വവിദ്യാര്‍ത്ഥികളും നടപടിക്കെതിരെ രംഗത്തെത്തി. നിരവധി അക്കാദമിക് വിദഗ്ധരാണ് സമൂഹ മാധ്യമങ്ങളിലൂടെ കാതറിന്‍ ഫ്രാങ്കെയ്ക്ക് പിന്തുണ അറിയിക്കുന്നത്.

ഇസ്രഈല്‍ അനുകൂലതയുടെ മറ്റൊരു ഇരയാണ് കാതറിന്‍ ഫ്രാങ്കെയെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കാതറിന്‍ ഫ്രാങ്കെ അക്രമത്തെ പിന്തുണക്കില്ലെന്നും ഫലസ്തീന്‍ അനുകൂലികളായ കൊളംബിയ സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

‘ഇപ്പോള്‍ എന്റെ ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞിരിക്കുകയാണ്. ഇനി കൂടുതല്‍ സമയം ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കും. ആ ഉത്തരവാദിത്തം മറക്കില്ല,’ കാതറിന്‍ ഫ്രാങ്കെ

നേരത്തെ ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിലൂടെ ലാഭമുണ്ടാക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തിയതില്‍ കൊളംബിയ യൂണിവേഴ്സിറ്റിക്കെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രോസിക്യൂട്ടര്‍മാര്‍ ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തിയിരുന്നു.

എന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും പ്രോസിക്യൂട്ടര്‍മാര്‍ പിന്‍വലിക്കുകയും ചെയ്തു. ഇസ്രഈലുമായി ബന്ധമുള്ള കമ്പനികളില്‍ കൊളംബിയ യൂണിവേഴ്‌സിറ്റി നിക്ഷേപം നടത്തിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും സര്‍വകലാശാലയിലെ ഹാമില്‍ട്ടണ്‍ ഹാള്‍ കയ്യേറുകയും ഇസ്രഈല്‍ കൊലപ്പെടുത്തിയ 6 വയസുകാരി ഹിന്ദ് റജബിന്റെ പേരില്‍ ഹാള്‍ പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ 46 വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.

Content Highlight: Pro-Palestinian Professor at Columbia University Says He Was Forced to Sign Retirement Agreement