| Saturday, 2nd March 2024, 4:19 pm

ബ്രിട്ടന്‍ ഉപതെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനുകൂലിയായ ഇടതുപക്ഷ നേതാവിന് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഫലസ്തീന്‍ അനുകൂലിയായ ഇടതുപക്ഷ നേതാവിന് ബ്രിട്ടനിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയം. ജോര്‍ജ് ഗാലവേയെന്ന ഇടതുപക്ഷ നേതാവാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. വര്‍ഷങ്ങളായി ലേബര്‍ പാര്‍ട്ടിയുടെ കുത്തകയായ മണ്ഡലത്തിലാണ് ജോര്‍ജ് ഗാലവേ അട്ടിമറി വിജയം നേടിയത്.

ഇംഗ്ലണ്ടിലെ വടക്കന്‍ മണ്ഡലമായ റോച്ച്‌ഡെയലില്‍ നിന്ന് മത്സരിച്ച് 40 ശതമാനത്തിലധികം വോട്ടാണ് ജോര്‍ജ് നേടിയത്. 12,335 വോട്ടുകള്‍ക്കാണ് ഗാലവേ വിജയിച്ചത്.

ഗസയിലെ കൂട്ടക്കുരുതിയില്‍ ഹൃദയം തകര്‍ന്ന ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും അവരെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഗാലവേ അല്‍ ജസീറയോട് പറഞ്ഞു.

ഇസ്രഈലിന്റെ അധിനിവേശത്തിന് പിന്തുണ നല്‍കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെയും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കെതിരെയും ഗാലവേ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഒക്ടോബര്‍ ഏഴിന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് നടത്തിയ പ്രത്യാക്രമണം ഇസ്രഈലിന്റെ പിന്തുണയോടെയായിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയിരുന്ന അസ്ഹര്‍ അലി പ്രചരണ വേളയില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് അസ്ഹര്‍ അലിക്കുള്ള പിന്തുണ ലേബര്‍ പാര്‍ട്ടി അവസാനിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 6,638 വോട്ടുകള്‍ നേടി ഡേവിഡ് ഡല്ലി എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത് എത്തി. അസ്ഹര്‍ അലി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മൂന്നാം സ്ഥാനത്ത് ഒതുങ്ങുകുകയും ചെയ്തു.

പ്രചരണത്തിന്റെ വേളയില്‍ ഗാലവേ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാഖ് യുദ്ധത്തില്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിനെ വിമര്‍ശിച്ചതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ലേബര്‍ പാര്‍ട്ടി നേതാവാണ് ജോര്‍ജ് ഗാലവേ.

Content Highlight: Pro-Palestinian left-wing leader wins British by-election

We use cookies to give you the best possible experience. Learn more