ലണ്ടന്‍: ഫലസ്തീന്‍ അനുകൂല മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ യു.കെ പൊലീസ് റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. യു.കെയിലെ തീവ്രവാദ വിരുദ്ധ പൊലീസ് നടത്തിയ റെയ്ഡില്‍ മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാധ്യമപ്രവര്‍ത്തകനും ഇലക്ട്രോണിക് ഇന്‍ട്ടിഫാദ വെബ്‌സൈറ്റിന്റെ അസോസിയേറ്റ് എഡിറ്ററുമായ ആസാ വിന്‍സ്റ്റാന്‍ലിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അദ്ദേഹത്തിന്റെ ഇല്‌ക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കസ്റ്റെഡിയിലെടുക്കുകയായിരുന്നു.
ഫലസ്തീന്‍ അനുകൂല മാധ്യമപ്രവര്‍ത്തകനായ ആസാ വിന്‍സ്റ്റാന്‍ലി ഗസയിലെ ഇസ്രഈല്‍ സെനിക നടപടിയെ വിമര്‍ശിച്ചതിന് പേരുകേട്ട ആളാണ്.
വിന്‍സ്റ്റാന്‍ലിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ടാണ് പൊലീസ് റെയ്ഡ് നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വിന്‍സ്റ്റാന്‍ലി ഒരു പത്രപ്രവര്‍ത്തകനാണെന്ന് അധികൃതര്‍ക്ക് അറിയാമായിരുന്നെന്നും ഇയാള്‍ക്കെതിരെ 2006ലെ തീവ്രവാദ നിയമം 1,2 വകുപ്പുകള്‍ പ്രകാരം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കുറ്റത്തില്‍ അന്വേഷണം നടക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസറ്റുകളുടെ അടിസ്ഥാനത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസ് സര്‍വീസിലെ കൗണ്ടര്‍ ടെററിസം കമാന്‍ഡില്‍ നിന്നുള്ള കത്തിലാണ് ഇയാള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പറയുന്നത്.
സേനയിലെ പത്തോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രാവിലെ ആറ് മണിക്ക് മുമ്പ് വിന്‍സ്റ്റാന്‍ലിയുടെ നോര്‍ത്ത് ലണ്ടനിലെ വീട്ടിലെത്തുകയും ഉപകരണങ്ങള്‍ക്കും രേഖകള്‍ക്കുമായി അദ്ദേഹത്തിന്റെ വീടും വാഹനവും പരിശോധിക്കുകയുമായിരുന്നു.
പിന്നാലെ വിന്‍സ്റ്റാന്‍ലിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇയാള്‍ക്കെതിരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാത്രമാണ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ ഫലസ്തീന്‍ അനുഭാവവും ഇസ്രഈല്‍ വിരുദ്ധതയും ഇസ്രഈലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതിനേക്കുറിച്ചുമുള്ള ലേഖനങ്ങളും അഭിപ്രായങ്ങളും സ്ഥിരമായി പങ്കിടുന്ന ആളാണ് മാധ്യമപ്രവര്‍ത്തകനെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
2023 ഒക്ടോബര്‍ ഏഴിന് അപ്പാച്ചെ ഹെലികോപ്റ്ററുകളും ടാങ്കുകളും ഉപയോഗിച്ചുള്ള ഇസ്രഈലിന്റെ ആക്രമണത്തെ കുറിച്ച് വിന്‍സ്റ്റാന്‍ലി ഈ മാസം ലേഖനമെഴുതിയിരുന്നു.
കൂടാതെ മറ്റ് മാധ്യമപ്രവര്‍ത്തകരെയും ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെയും ബ്രിട്ടീഷ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും റെയ്ഡുകള്‍ നടത്തുന്നതായും സംബന്ധിച്ച റിപ്പോര്‍ട്ടുകളും വിന്‍സ്റ്റാന്‍ലി ചെയ്തിരുന്നു.
Content Highlight: Pro-Palestinian journalist’s home raided in UK, electronics seized; Report