തെൽ അവീവ്: ജീവന് ഭീഷണി നേരിടുമ്പോഴും ഫലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടം തുടർന്ന് ഇസ്രഈലി ആക്ടിവിസ്റ്റുകൾ.
ഒക്ടോബർ ഏഴിന് ഹമാസിന്റെ പ്രത്യാക്രമണത്തെ തുടർന്ന് ഇസ്രഈൽ ഗസയിൽ നടത്തുന്ന വംശഹത്യക്ക് പിന്നാലെ ഇസ്രഈലി ആക്റ്റിവിസ്റ്റുകൾ ഭയന്ന് ജീവിക്കുകയാണെന്ന് തെക്കൻ ഇസ്രഈലിലെ മനുഷ്യാവകാശ പ്രവർത്തകനും ഗ്രാഫിക് ഡിസൈനറുമായ ബെയിർ ഷെവ പറയുന്നു.
‘ഈയിടെ ഇസ്രഈലിൽ ആത്മഹത്യ ചെയ്യാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം ഫലസ്തീൻ പതാകയും കൈയിൽ പിടിച്ച് തെരുവിലൂടെ നടക്കുക എന്നതാണ്,’ ബെയിർ ഷെവ അൽ ജസീറയോട് പറഞ്ഞു.
ഗസയിലെ ഇസ്രഈലി ആക്രമണത്തിൽ 8,500 ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 3,500 ലധികവും കുട്ടികളാണ്. കൊല്ലപ്പെട്ടവരിൽ ഹമാസ് അംഗങ്ങളും ഉൾപ്പെടുന്നുവെന്നാണ് ഇസ്രഈൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ തങ്ങളുടെ സേനയിലെ ആരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നിലവിലെ സംഘർഷാവസ്ഥയിൽ ഇസ്രഈലി ആക്റ്റിവിസ്റ്റുകളുടെ പ്രവർത്തനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്.
താൻ സമൂഹ മാധ്യമങ്ങളിൽ ഇസ്രഈലി പൗരന്മാരുടെ ആക്രമണങ്ങൾ നേരിടുകയാണെന്ന് ബി.ഡി.എസ് കൂട്ടായ്മയിലെ അംഗവും ഫലസ്തീൻ അനുകൂല പ്രവർത്തകനുമായ ഓഫർ നെയ്മൻ പറഞ്ഞു.
വെസ്റ്റ് ബാങ്കിലെയും ഗസയിലെയും ഇസ്രഈൽ അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രഈലിന് മേൽ രാഷ്ട്രീയ, സാമ്പത്തിക സമ്മർദം ചെലുത്തുന്ന സംഘടനയാണ് ബി.ഡി.എസ് അഥവാ ബോയ്ക്കോട്ട്, ഡിവെസ്റ്റ്മെന്റ്, സാങ്ഷൻ (Boycott, Divestment, Sanction) കൂട്ടായ്മ.
ഗസ അനുകൂല റാലികൾക്ക് മേൽ കടുത്ത നടപടികളുണ്ടാകുമെന്ന് കഴിഞ്ഞ മാസം ഇസ്രഈൽ പൊലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഗസയിലെ ഇസ്രഈലി ആക്രമണങ്ങളെ എതിർത്തതിന് ആക്‌വ അക്കാഡമിക് കോളേജിൽ അധ്യാപകനായ ഉറി ഹൊരേഷ് എന്ന ഇസ്രഈലി ജൂയിഷ് അധ്യാപകനെ സ്ഥാപനം സസ്‌പെൻഡ് ചെയ്തിരുന്നു.
ഗസയിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ചതിനെ തുടർന്നുണ്ടായ ഭീഷണികൾ കാരണം ഇസ്രഈൽ ഫ്രീ എന്ന മാധ്യമപ്രവർത്തകൻ ഒളിവിൽ കഴിയുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
Content Highlight: Pro-Palestinian Israelis face threats, but vow to keep fighting for peace