വാഷിങ്ടണ്‍: മൈക്രോസോഫ്റ്റിന്റെ 50-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ തടസപ്പെടുത്തി ഫലസ്തീന്‍ അനുകൂല ജീവനക്കാര്‍.
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയാണ് ഒരു സംഘം ജീവനക്കാര്‍ തടസപ്പെടുത്തിയത്. വെള്ളിയാഴ്ച വാഷിങ്ടണിലെ റെഡ്മണ്ടില്‍ നടന്ന പരിപാടിയിലാണ് പ്രതിഷേധമുണ്ടായത്.
ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ യുദ്ധത്തില്‍ 50,000 ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് ശക്തി പകരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലസ്തീന്‍ അനുകൂലികളായ ജീവനക്കാര്‍ പ്രതിഷേധിച്ചത്.
‘നിങ്ങള്‍ യുദ്ധലാഭം കൊയ്യുന്ന ആളാണ്. വംശഹത്യക്കായി എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) ഉപയോഗിക്കുന്നത് നിര്‍ത്തൂ,’ മൈക്രോസോഫ്റ്റ് ജീവനക്കാരനായ ഇബ്തിഹാല്‍ അബൂസാദ് പറഞ്ഞു. മൈക്രോസോഫ്റ്റ് എ.ഐ സി.ഇ.ഒ മുസ്തഫ സുലൈമാന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഇബ്തിഹാലിന്റെ പരാമര്‍ശം.
മുസ്തഫ അടക്കമുള്ള മൈക്രോസോഫ്റ്റിലെ ഉന്നത ജീവനക്കാരുടെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ടെന്നും അബൂസാദ് ആക്രോശിച്ചു. പരിപാടിയുടെ ഒരു ഘട്ടം മൈക്രോസോഫ്റ്റ് ജീവനക്കാരിയായ വാണിയ അഗർവാളും തടസപ്പെടുത്തി
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചതോടെ, ഇസ്രഈല്‍ എ.ഐയെയും ക്ലൗഡ് കമ്പ്യൂട്ടിങ്ങിനെയും കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനായി ഇസ്രഈല്‍ കൂടുതലായും ഉപയോഗിച്ചത് ഗൂഗിളിനെയും മൈക്രോസോഫ്റ്റിനേയുമാണ്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഫലസ്തീന്‍ അനുകൂല ജീവനക്കാര്‍ പ്രതിഷേധിച്ചത്. ഇതാദ്യമായല്ല ഇസ്രഈല്‍ വംശഹത്യയില്‍ മൈക്രോസോഫ്റ്റിനെതിരെ ജീവനക്കാര്‍ തന്നെ രംഗത്തെത്തുന്നത്.
2024 ഒക്ടോബറില്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മൈക്രോസോഫ്റ്റിന്റെ ക്യാമ്പസില്‍ പരിപാടി സംഘടിപ്പിച്ചത് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
നേരത്തെ ഗസയിലെയും ലെബനനിലെയും ബോംബിങ്ങിന് ലക്ഷ്യങ്ങള്‍ കണ്ടെത്താനായി ഇസ്രഈല്‍ സൈന്യം മൈക്രോസോഫ്റ്റിന്റെ എ.ഐ. സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായത്.
ഗസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം മൈക്രോസോഫ്റ്റ് ഇസ്രഈല്‍ സൈന്യത്തിന് നല്‍കിയിരുന്ന സഹായം വര്‍ധിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവിഭാഗവും തമ്മില്‍ 10 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചെന്നായിരുന്നു വിവരം.
ഇസ്രഈല്‍-ഫലസ്തീന്‍ പ്രസിദ്ധീകരണമായ +972 മാഗസിനും ഹീബ്രു-ഭാഷാ ഔട്ട്ലെറ്റായ ലോക്കല്‍ കോളവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൈക്രോസോഫ്റ്റിന്റെ ഇസ്രഈലി സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ച് കണ്ടെത്തലുണ്ടായത്.
യുദ്ധസമയത്ത് ഇസ്രഈലിന്റെ സൈനിക കരാറുകള്‍ക്കായി കമ്പനികള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ മറ്റ് ടെക് കമ്പനികളെ മറികടക്കാന്‍ മൈക്രോസോഫ്റ്റ് കുത്തനെയുള്ള കിഴിവുകള്‍ ഇസ്രഈലിന് വാഗ്ദാനം ചെയ്തെന്നായിരുന്നു റിപ്പോര്‍ട്ട്.
Content Highlight: Pro-Palestinian employees protest Microsoft anniversary celebration