ന്യൂയോര്‍ക്ക്: ഗസയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷക സംഘടനയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ. ന്യൂയോര്‍ക്ക് സിറ്റിയിലെ ഫലസ്തീനിയന്‍ അനുകൂല അഭിഭാഷക ഗ്രൂപ്പായ വിനിന്‍ ഓവര്‍ ലൈഫ് ടൈമിന്റെ ഇന്‍സ്റ്റാഗ്രാം പേജും ബാക്കപ്പ് അക്കൗണ്ടുകളും സ്ഥാപകന്റെ അക്കൗണ്ടും നീക്കം ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്ലാറ്റ്ഫോമിന്റെ ‘അപകടകരമായ സംഘടനകളും വ്യക്തികളും’ എന്ന നയം ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തതെന്ന് മെറ്റയുടെ വക്താവ് അറിയിച്ചതായി സ്വതന്ത്ര പ്രാദേശിക പത്രമായ ന്യൂയോര്‍ക്ക് ജൂയിഷ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ‘സയണിസ്റ്റ് ഭരണകൂടമായ ഇസ്രഈല്‍ ഫലസ്തീനികളെ തെരുവുകളിലും സമൂഹ മാധ്യമങ്ങളിലും തടഞ്ഞുവെച്ചു. ഇന്‍സ്റ്റാഗ്രാം വിനിന്‍ ഓവര്‍ ലൈഫ് ടൈമിന്റെ പ്രധാന അക്കൗണ്ടുകളും ബാക്കപ്പ് അക്കൗണ്ടുകളും ഇല്ലാതാക്കി. അവ പുനഃസ്ഥാപിക്കുന്നതിന് അപ്പീല്‍ നല്‍കാനോ റിവ്യൂ അഭ്യര്‍ത്ഥിക്കാനോ ഓപ്ഷന്‍ ഇല്ല,’ സംഘടന എക്‌സില്‍ കുറിച്ചു.
അവര്‍ എത്രത്തോളം നിശബ്ദരാക്കാന്‍ ശ്രമിച്ചാലും അതിനനുസരിച്ച് തങ്ങള്‍ ശബ്ദമുയര്‍ത്തുമെന്ന് അഭിഭാഷക സംഘടന വ്യക്തമാക്കി.
നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും അതിലെ നീക്കങ്ങളും തങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ തന്റെ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതായി മെറ്റയില്‍ നിന്ന് സംഘടനയുടെ ചെയര്‍മാനായ നേര്‍ദീന്‍ കിസ്വാനിക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്.
മെറ്റ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്നും പക്ഷപാതം കാണിക്കുന്നുവെന്നും അഭിഭാഷക സംഘടനയിലെ പ്രവര്‍ത്തകനായ അബ്ദുള്ള അക്ല്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.
വംശഹത്യക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും താത്പര്യം, അല്ലെങ്കില്‍ മെറ്റയുടെ ഫ്ലാറ്റ്‌ഫോമിൽ തങ്ങളെ പോലുള്ളവര്‍ക്ക് സ്ഥാനമില്ലെന്നാണ് ഈ നടപടി ബോധ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.