പുതുവര്‍ഷ കൗണ്ട്ഡൗണ്‍ ഗസയിലെ വെടിനിര്‍ത്തലിനായുള്ള കൗണ്ട്ഡൗണാക്കണമെന്ന ക്യാമ്പയിനുമായി ഫലസ്തീന്‍ അനുകൂലികള്‍
World News
പുതുവര്‍ഷ കൗണ്ട്ഡൗണ്‍ ഗസയിലെ വെടിനിര്‍ത്തലിനായുള്ള കൗണ്ട്ഡൗണാക്കണമെന്ന ക്യാമ്പയിനുമായി ഫലസ്തീന്‍ അനുകൂലികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st December 2023, 7:09 pm

ഗസ: പുതുവര്‍ഷത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലേക്കുള്ള കൗണ്ട്ഡൗണായി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ആഗോള ക്യാമ്പയിന്‍ ആരംഭിച്ച് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍. ലണ്ടന്‍ ആസ്ഥാനമായുള്ള ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുടെ ഗ്രാസ്‌റൂട്ട് ക്യാമ്പയിന്‍ ഗസയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

30000ലധികം ഫലസ്തീനി കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട ഇസ്രഈലിന്റെ ആക്രമണത്തിന് തടയിടാനും ഗസയില്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ആവശ്യപ്പെട്ടുകൊണ്ടാണ് തങ്ങള്‍ പ്രമേയം അവതരിപ്പിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുതുവര്‍ഷം എന്നത് പുതിയ മാറ്റങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വഴിയൊരുക്കുന്ന സമയമായതിനാല്‍, ലോകരാഷ്ട്രങ്ങളില്‍ നിന്നും നേതാക്കളില്‍ നിന്നും ഇസ്രഈല്‍-ഫലസ്തീന്‍ വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത പുതുവത്സര കൗണ്ട്ഡൗണിനെ ഗസയില്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനത്തെ സ്വാധീനിക്കുന്ന ശക്തമായ കൗണ്ട്ഡൗണാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, മലേഷ്യ, ഓസ്ട്രേലിയ, ടാന്‍സാനിയ, മെക്സിക്കോ, ജര്‍മനി അടക്കമുള്ള 30ലധികം രാജ്യങ്ങളിലെ പ്രവര്‍ത്തകര്‍ ഇതുവരെ ക്യാമ്പയിന്‍ വിജയകരമായി നടത്തിയതായി സംഘടകരുടെ വൃത്തങ്ങള്‍ അറിയിച്ചു.

ഗസയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കൗണ്ട്ടൗണിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. ആഘാതമേറ്റ സമൂഹങ്ങളെ പുനര്‍നിര്‍മിക്കാനും അവയെ വീണ്ടെടുക്കാനും കഴിയുന്ന മൂര്‍ച്ചയുള്ള നീക്കമാണ് തങ്ങള്‍ നടത്തുന്നതെന്ന് ക്യാമ്പയിന്‍ വക്താവ് ബുഷ്റ മുഹമ്മദ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

Content highlight: Pro-Palestinian activists join global campaign for Gaza cease-fire in new year