കെയ്റോ: ഇസ്രഈലിന്റെ ഗസയിലെ ആക്രമണങ്ങളെ അപലപിച്ച് ഈജിപ്തിലെ റഫ അതിർത്തിയിൽ സ്പെയിനിന്റെയും ബെൽജിയത്തിന്റെയും പ്രധാനമന്ത്രിമാരുടെ സംയുക്ത വാർത്താ സമ്മേളനം.
ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് ഗസയിലേത് എന്ന് സ്പെയിൻ പ്രധാനമന്ത്രി പെട്രോ സാഞ്ചസ് പറഞ്ഞു.
നിലവിലെ വെടിനിർത്തൽ മതിയാകില്ലെന്നും ശാശ്വതമായ വെടിനിർത്തലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നത് തന്റെ ഭരണകൂടത്തിന്റെ പ്രധാന അജണ്ടകളിലൊന്നാണെന്നും സാഞ്ചസ് പറഞ്ഞു.
ബെൽജിയം പ്രസിഡന്റ് അലക്സാണ്ടർ ഡി ക്രൂവും സാഞ്ചസിന്റെ നിലപാട് തന്നെ ആവർത്തിച്ചു.
യൂറോപ്യൻ യൂണിയൻ അംഗീകരിച്ചില്ലെങ്കിൽ തങ്ങൾ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച ഇരു പ്രധാനമന്ത്രിമാരും അന്താരാഷ്ട്ര സമൂഹത്തോടും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുവാൻ ആഹ്വാനം ചെയ്തു.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താഹ് എൽ സിസിയുമായുള്ള യോഗത്തിനുശേഷമായിരുന്നു ഇരുവരും റഫ സന്ദർശിച്ചത്.
അതേസമയം ഇരു പ്രധാനമന്ത്രിമാരുടെയും പരാമർശങ്ങളിൽ പ്രതിഷേധിച്ച് സ്പെയിനിന്റെയും ബെൽജിയത്തിന്റെയും അംബാസിഡർമാരെ ഇസ്രഈൽ വിളിച്ചുവരുത്തി.
ഇസ്രഈൽ ഹമാസ് വെടിനിർത്തൽ ഉടമ്പടിയുടെ ഭാഗമായി നവംബർ 24ന് 13 ഇസ്രഈലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. തായ്‌ലൻഡ് സർക്കാരുമായുള്ള ധാരണ പ്രകാരം 12 തായ്‌ലൻഡ് ബന്ദികളെയും ഹമാസ് കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു.
ഇസ്രഈലി ജയിലുകളിൽ കഴിയുന്ന 39 ഫലസ്തീനികളെയും കഴിഞ്ഞദിവസം മോചിപ്പിച്ചു.
നാല് ദിവസത്തെ വെടിനിർത്തലിന്റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയവരിൽ 50 ഇസ്രഈലികളെയും ഇസ്രയേലി ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനി തടവുകാരെയും മോചിപ്പിക്കാനാണ് ധാരണ.
Content Highlight: Pro-Palestine stance by prime ministers of Spain, Belgium irk Israel