ലണ്ടന്‍: ലണ്ടനില്‍ ഫലസ്തീന്‍ അനുകൂല റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മുന്‍ ലേബര്‍ പാര്‍ട്ടി നേതാവും എം.പിയുമായ ജെര്‍മി കോര്‍ബിനെ പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ലണ്ടന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തിയ ക്രൂരകൃത്യങ്ങളെ അപലപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ പ്രതിഷേധമാര്‍ച്ച് വ്യവസ്ഥകള്‍ ലംഘിച്ചാണ് നടത്തിയതെന്ന് ആരോപിച്ച് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ പൊലീസ് ലൈന്‍ ലംഘിച്ചു എന്നാരോപിച്ച് ഒമ്പത് പേര്‍ക്കെതിരെ പൊതുക്രമക്കേട് കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പയ്ന്‍ (പി.എസ്.സി) എന്ന് പേരിട്ടിരുന്ന പ്രതിഷേധ റാലി ലണ്ടനിലെ ബി.ബി.സി ആസ്ഥാനത്തിന് സമീപം നടത്താനായിരുന്നു പ്രതിഷേധക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സമീപത്ത് ജൂതമത വിശ്വാസികളുടെ സിനഗോഗ് സ്ഥിതി ചെയ്യുന്നതിനാല്‍ ലണ്ടന്‍ പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചു. കൂടാതെ ചില പ്രത്യേക മേഖലകളിലേക്ക് പ്രതിഷേധക്കാര്‍ പ്രവേശിക്കുന്നതിനേയും പൊലീസ് വിലക്കിയിരുന്നു.
ജെര്‍മി കോര്‍ബിനും ലേബര്‍ പാര്‍ട്ടിയുടെ മുന്‍ ഷാഡോ ചാന്‍സലര്‍ മക്ഡൊണലും റാലിയില്‍ പ്രസംഗങ്ങള്‍ നടത്തിയ ശേഷം വൈറ്റ്ഹാളില്‍ നിന്ന് ട്രാഫല്‍ഗര്‍ സ്‌ക്വയറിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
വ്യവസ്ഥകള്‍ ലംഘിച്ചതിന് 65 പേരെയും, പൊതു ക്രമക്കേട് നടത്തിയതിന് അഞ്ച് പേരെയും, പൊലീസിനെ തടഞ്ഞതിന് രണ്ട് പേരെയും, നിരോധിത സംഘടനയെ പിന്തുണച്ചതിന് ഒരാളെയും, വംശീയ വിദ്വേഷം വളര്‍ത്തിയതിന് ഒരാളെയും, പൊതുവായ ആക്രമണത്തിന് ഒരാളെയും, അടിയന്തര പ്രവര്‍ത്തകനെ ആക്രമിച്ചതിന് ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയില്‍ എടുക്കപ്പെട്ടവരില്‍ 24 പേര്‍ക്ക് ജാമ്യം ലഭിച്ചതായും 48 പേര്‍ കസ്റ്റഡിയില്‍ തുടരുന്നതായും സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് അറിയിച്ചു. ട്രാഫല്‍ഗര്‍ സ്‌ക്വയറിലെ പൊലീസ് വലയം ലംഘിച്ചതിന് 77 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരുന്നു.
ശനിയാഴ്ച അറസ്റ്റിലായവരില്‍ ഫലസ്തീനുവേണ്ടി ദേശീയ പ്രതിഷേധത്തിന്റെ മുഖ്യ കാര്യസ്ഥനായി സേവനമനുഷ്ഠിച്ച സ്റ്റോപ്പ് ദ വാര്‍ കോയലിഷന്റെ വൈസ് ചെയര്‍മാനായിരുന്ന ക്രിസ് നൈന്‍ഹാമും ഉള്‍പ്പെട്ടിരുന്നു. ഫല്‌സ്തീന്‍ കുട്ടികളുടെ മരണത്തെ അനുസ്മരിച്ച് ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ ഒരു ചെറിയ സംഘം പ്രതിഷേധക്കാര്‍ വൈറ്റ്ഹാളില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.
Content Highlight: Pro-Palestine Rally in London; Jeremy Corbyn will be questioned