| Thursday, 16th November 2023, 10:05 pm

'ഇസ്രഈൽ വിഷയത്തിൽ സ്വന്തം ജനങ്ങളോടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ അവഗണന ജനാധിപത്യത്തോടുള്ള വെല്ലുവിളി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഗസയിലെ 11,000ലധികം ആളുകളെ കൊലപ്പെടുത്തിയ ഇസ്രഈൽ ആക്രമണങ്ങൾക്കെതിരെ ലോകമെമ്പാടും വലിയ പ്രതിഷേധ തരംഗങ്ങളാണ് സമീപകാലങ്ങളിൽ ഉണ്ടായത്.

ഇസ്രഈൽ ആക്രമണത്തിന് പിന്തുണ നൽകുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ജനാധിപത്യ ഭരണകൂടങ്ങളിൽ ഈ പ്രക്ഷോഭങ്ങൾ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തുമോ എന്ന ചോദ്യം പ്രസക്തമാണ്.

ഇത് ഒരു രാജ്യത്തെ ആശ്രയിച്ചിരിക്കുമെങ്കിലും ഇല്ല എന്നത് തന്നെയാണ് പൊതുവിലുള്ള ഉത്തരമെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകൻ ബ്രാഡ്ലി ബ്ലാങ്കൻഷിപ്പ് പറയുന്നു. പ്രത്യേകിച്ച് ഇസ്രഈൽ നിലപാടിനോട് ഏറ്റവും വിധേയത്വമുള്ള രാജ്യങ്ങളിൽ.

വെടിനിർത്തലിനായി സ്വന്തം പാർട്ടിക്കകത്തെ ആവശ്യത്തെ നിരന്തരം നിരസിക്കുകയാണ് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി. ഇസ്രഈലി അക്രമങ്ങൾ നിർത്തലാക്കുവാൻ എന്തെങ്കിലും സാധ്യതകൾ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് യാതൊരു സാധ്യതയുമില്ല എന്ന മറുപടിയാണ് യു.എസ് പ്രസിഡന്റ്‌ ജോ ബൈഡൻ നൽകിയത്.

ഇത് ആശങ്കാജനകമാണെന്ന് ആർ.ടി ന്യൂസിൽ എഴുതിയ ലേഖനത്തിൽ ബ്രാഡ്ലി ബ്ലാങ്കൻഷിപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കാരണം, ജനാധിപത്യത്തിൽ ഘടകകക്ഷികളുടെ ഇച്ഛക്ക് അനുകൂലമായി രാഷ്ട്രീയക്കാർ പ്രവർത്തിക്കേണ്ടതുണ്ട്. മാത്രമല്ല, ജനഹിതമനുസരിച്ചും അവർ പ്രവർത്തിക്കണം.

ഭരണം മാറി മറിയുന്ന സംസ്ഥാനങ്ങളിലെ അറബ് അമേരിക്കൻസ് പൊതുവിൽ ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളിൽ മനം മടുത്തിരിക്കുകയാണ്, പ്രത്യേകിച്ച് ഇസ്രഈലുമായുള്ള ഇടപെടലിൽ. അറബ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ ബൈഡനുള്ള പിന്തുണ വെറും 17 ശതമാനം മാത്രമാണ്. 2024ൽ മത്സരിക്കാനൊരുങ്ങുന്ന മുൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന് 40 ശതമാനം പിന്തുണ വർധിച്ചതായും സർവേ കണ്ടെത്തി.

വലിയ പ്രക്ഷോഭങ്ങളും വോട്ടർമാരുടെ ആഹ്വാനവും ഇസ്രഈൽ വിഷയത്തിൽ ബൈഡന്റെ നിലപാടും 2024 തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ട്രംപിനെതിരെയുള്ള പരാജയങ്ങൾക്ക് കാരണമാകും എന്നാണ് വിലയിരുത്തൽ. പാശ്ചാത്യ രാജ്യങ്ങളിൽ, പ്രത്യേകിച്ച് യു.എസിൽ ജനാധിപത്യം തകരുകയാണ് എന്നതിനുള്ള തെളിവാണ് ഇതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

രാഷ്ട്രീയക്കാർ പൊതുവികാരത്തെ അവഗണിക്കുമ്പോൾ ജനാധിപത്യ സ്ഥാപനങ്ങളുടെ സാധാരണ പ്രവർത്തനങ്ങൾ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത് എന്ന് ബ്രാഡ്ലി ബ്ലാങ്കൻഷിപ്പ് പറയുന്നുണ്ട്.

അതേസമയം ഇസ്രഈൽ അനുകൂല നിലപാടിൽ നിന്ന് ജോ ബൈഡൻ ഒരടി പോലും പിന്നോട്ട് വെച്ചിട്ടില്ല. 1968ൽ യു.എസ് സെനറ്റർ ആയിരുന്ന സമയത്ത് ബൈഡൻ താനൊരു സയണിസ്റ്റാണെന്ന് പ്രഖ്യാപിച്ചിരുന്നു.

‘ഇസ്രഈലിനെ പിന്തുണക്കുന്നതിന് മാപ്പ് പറയേണ്ട കാര്യമില്ല. ഒരിക്കലും. നമ്മൾ നടത്തുന്ന ഏറ്റവും മികച്ച മൂന്ന് ബില്യൺ ഡോളർ നിക്ഷേപമായിരിക്കും അത്.

ഇനി ഒരു ഇസ്രഈൽ ഇല്ല എന്നായിരുന്നുവെങ്കിൽ പോലും പ്രദേശത്തെ അമേരിക്കയുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി നമ്മൾ ഒരു ഇസ്രഈലിനെ സൃഷ്ടിക്കുമായിരുന്നു,’ 1986 ജൂൺ അഞ്ചിന് നടന്ന സെനറ്റ് സെഷനിൽ ബൈഡൻ പറഞ്ഞു.

പ്രസിഡന്റ്‌ എന്ന നിലക്ക് ജനാധിപത്യത്തെ സംരക്ഷിക്കാൻ തന്റെ ആശയങ്ങളിൽ നിന്ന് മാറി നിൽക്കേണ്ട ഉത്തരവാദിത്തം ബൈഡന് ഉണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പിന്റെ നിയമസാധുതയെ പോലും വെല്ലുവിളിക്കുന്നു പ്രതിപക്ഷ പാർട്ടിയുടെ ആക്രമണങ്ങൾ ജനാധിപത്യം നേരിടുമ്പോൾ. ബൈഡൻ ശരിയായ രീതിയിലാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്ന് പോലും വിശ്വസിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി തയാറല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം പാർട്ടിയിൽ നിന്നും സ്വന്തം ഉദ്യോഗസ്ഥരിൽ നിന്നും പ്രതിഷേധം ശക്തമായിട്ടും തന്റെ ഇസ്രഈൽ അനുകൂല നിലപാടിൽ ബൈഡൻ ഉറച്ചുനിൽക്കുന്നത് വലിയ അബദ്ധമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

യൂറോപ്പിലും സമാന സ്ഥിതി തന്നെയാണ് തുടരുന്നത്. ചെക്ക് റിപ്പബ്ലിക്, ഹംഗറി പോലുള്ള രാജ്യങ്ങൾക്കകത്ത് നിന്ന് എതിർപ്പ് ഉയരുമ്പോഴും ഇസ്രഈലിന് അചഞ്ചലമായ പിന്തുണയാണ് ഭരണകൂടം നൽകുന്നത്.

ഗസയിൽ ബോംബാക്രമണം അവസാനിപ്പിക്കാൻ ഈയിടെ ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോൺ ഇസ്രഈലിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഫ്രാൻസിന്റെ ഇസ്രഈൽ അനുകൂല നിലപാടിനെതിരെ അവരുടെ അംബാസിഡർമാർ തന്നെ രംഗത്ത് വന്നിരുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളും ഫ്രാൻസിൽ നിരോധിച്ചിട്ടുണ്ട്.

എന്നാൽ യൂറോപ്യൻ രാജ്യങ്ങളായ അയർലൻഡും സ്പെയ്നും ഇസ്രഈലിനെ പരസ്യമായി വിമർശിക്കുകയും അവരുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയും ചെയ്തിരുന്നു.

യൂറോപ്യൻ രാജ്യങ്ങൾക്കിടയിലെ അനൈക്യം സൂചിപ്പിക്കുന്നത് യൂറോപ്യൻ യൂണിയനിൽ പൊതുവായ വിദേശ നയത്തിന്റെ അഭാവമാണെന്നും വിമർശനമുണ്ട്.

അതേസമയം ലോകത്തെ മറ്റ് രാജ്യങ്ങളിൽ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ പാശ്ചാത്യ ആധിപത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന സൂചനയാണ് നൽകുന്നത് എന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

Conent Highlight: Pro-Palestine protests are ignored by the Western elite, and it may be a fatal mistake

We use cookies to give you the best possible experience. Learn more