| Wednesday, 19th May 2021, 7:21 pm

ഇസ്രാഈലി സൈന്യത്തിന് വേണ്ടി ആയുധം നിര്‍മ്മിക്കുന്ന ഫാക്ടറി പിടിച്ചെടുത്ത് ബ്രിട്ടനിലെ ഫലസ്തീന്‍ അനുകൂല സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇസ്രാഈലി സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിര്‍മിക്കുന്ന ഫാക്ടറി പിടിച്ചെടുത്ത് ബ്രിട്ടനിലെ ‘ഫലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടന. ലെസ്റ്ററിലെ മെറിഡിയന്‍ ബിസിനസ് പാര്‍ക്കിലുള്ള എല്‍ബിത് സിസ്റ്റംസ് എന്ന ഫാക്ടറിയാണ് ഇന്നു പുലര്‍ച്ചെ കൈയേറിയത്.

ഇസ്രാഈലിലെ ഹൈഫ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈനിക ഇലക്ട്രോണിക്സ് കമ്പനിയാണ് എല്‍ബിത് സിസ്റ്റംസ്. അമേരിക്കയും ഓസ്ട്രേലിയയുമടക്കം നിരവധി രാജ്യങ്ങളില്‍ ഇവര്‍ക്ക് ഫാക്ടറികളുണ്ട്.

ഇസ്രാഈല്‍ സൈന്യത്തിനാവശ്യമായ ഡ്രോണുകളാണ് ഇവിടെ നിര്‍മിക്കുന്നത്. എല്‍ബിത്തിന്റെ ബ്രിട്ടനിലെ ഫാക്ടറി അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫലസ്തീന്‍ ആക്ഷന്‍.

ഫാക്ടറിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ കഴിഞ്ഞുവെന്നും പൂര്‍ണമായി അടച്ചുപൂട്ടുംവരെ സമരങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും ഫലസ്തീന്‍ ആക്ഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം ഗാസയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, മെയ് 10 മുതല്‍ 219 ഫലസ്തീനികളാണ് ഇസ്രാഈലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 63 പേര്‍ കുട്ടികളാണ്. 1500ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തില്‍ 12 ഇസ്രാഈലികള്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്‌ലീങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു.

പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pro-Palestine protesters occupy Leicester drone factory Israel

We use cookies to give you the best possible experience. Learn more