വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മ്യൂസിയത്തില്‍ പ്രതിഷേധ പ്രകടനം നടത്തി ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍. ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്കെതിരെ പ്രതിഷേധിച്ചാണ് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ ബ്രൂക്ലിന്‍ മ്യൂസിയത്തില്‍ അതിക്രമിച്ച് കയറിയത്.
കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞു കയറിയ പ്രവര്‍ത്തകര്‍, ബാനറുകള്‍ ഉയര്‍ത്തുകയും മുദ്രവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ‘ഫലസ്തീനെ സ്വതന്ത്രമാക്കൂ, വംശഹത്യയില്‍ നിന്ന് പിന്തിരിയൂ’ എന്നെഴുതിയ ബാനറാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
നിലവില്‍ ഇസ്രഈല്‍ സൈന്യം ഉപരോധിച്ചിരിക്കുന്ന തെക്കന്‍ ഗസ നഗരത്തെ പരാമര്‍ശിച്ച് ‘റഫയുടെ മക്കളെ രക്ഷിക്കൂ’ എന്നെഴുതിയ ബോര്‍ഡും പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്നു.
മ്യൂസിയത്തിന് പുറത്തും ഒരു സംഘം പ്രവര്‍ത്തകര്‍ പൊലീസുമായി വാക്കേറ്റമുണ്ടായി. നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധ പ്രകടനത്തില്‍ മ്യുസിയത്തിലെ കലാസൃഷ്ടികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന് അധികൃതര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍, നിരവധി ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളാണ് യു.എസില്‍ നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തുടനീളമുള്ള കോളേജ് ക്യാമ്പസുകളില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ഇസ്രഈലിന്റെ വംശഹത്യ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.
നിരവധി പ്രതിഷേധക്കാര്‍ ക്യാമ്പുകള്‍ സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ പൊലീസ് ക്യാമ്പുകള്‍ പൊളിക്കുകയും പിരിഞ്ഞുപോകാന്‍ വിസമ്മതിക്കുന്ന പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കുന്നത് ഉള്‍ക്കൊള്ളുന്ന ഒരു പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. അതേസമയം ഗസയില്‍ ഹമാസിന്റെ ഭീഷണി ഇല്ലാതാക്കുകയാണ് ഇസ്രഈലിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.
കഴിഞ്ഞ എട്ട് മാസത്തിനിടെ ഗസയില്‍ 36,000-ത്തിലധികം പേരാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.
Content Highlight: Pro-Palestine protesters break into Brooklyn Museum