|

യു.കെ തദ്ദേശ തെരഞ്ഞെടുപ്പ്; ലേബര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഫലസ്തീന്‍ അനുകൂലയ്ക്ക് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: യു.കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനുകൂല സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ചു. വ്യാഴാഴ്ച നടന്ന മെയ്ഫീല്‍ഡ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയം കണ്ടത്. ലേബര്‍ പാര്‍ട്ടിക്കെതിരെയാണ് ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥിയുടെ വിജയം.

റെഡ്ബ്രിഡ്ജ് ആന്‍ഡ് ഇല്‍ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ്സിലെ നൂര്‍ ജഹാന്‍ ബീഗമാണ് ജയിച്ചത്. ലേബര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ 1,080 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൂര്‍ ജഹാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക ലേബര്‍ സ്ഥാനാര്‍ത്ഥി നേടിയത് 663 വോട്ടുകളുമാണ്.

കെയ്ര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരിലെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് അടക്കമുള്ള നേതാക്കളാണ് ലേബര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയത്. എന്നാല്‍ നൂര്‍ ജഹാനോട് ലേബര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു.

വടക്കുകിഴക്കന്‍ ലണ്ടനിലെ റെഡ്ബ്രിഡ്ജ് ബറോ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ഇതിനോട് ചേര്‍ന്നാണ് വെസ് സ്ട്രീറ്റിങ്ങിന്റെ മണ്ഡലവും. ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥിയുടെ വിജയം ഈ മേഖലയിലെ ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണയിലുണ്ടായ കുറവിനെയാണ് തുറന്നുകാണിക്കുന്നതെന്ന് നിരീക്ഷിക്കാര്‍ ചൂണ്ടിക്കാട്ടി.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ യുദ്ധത്തില്‍ യു.കെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ലേബര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ഫലസ്തീന്‍, ഉക്രൈന്‍ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചരണം നടത്തിയ നൂര്‍ ജഹാന് അനുകൂലമാകുകയായിരുന്നു. ഫലസ്തീന്‍ പതാകകളാല്‍ അലങ്കരിച്ച ലഘുലേഖകളാണ് നൂര്‍ ജഹാന്‍ മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നത്.

കൗണ്‍സില്‍ നികുതി, രാജ്യത്തെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി, ഭവന നിര്‍മാണം തുടങ്ങിയ വിഷയങ്ങളും നൂര്‍ ജഹാന്റെ പ്രചരണ ലിസ്റ്റില്‍ ഉണ്ടായിരുന്നു.

‘ഈ തെരുവ് വളരെ വൃത്തിഹീനമാണ്. കുറ്റകൃത്യങ്ങള്‍ പകര്‍ച്ചവ്യാധി പോലെയാണ് വ്യാപിക്കുന്നത്. ഇവിടെ ജീവിക്കുന്ന നിങ്ങള്‍, നിങ്ങളുടെ വിധി നിര്‍ണയിക്കേണ്ടത് ഇപ്പോള്‍ അത്യന്താപേക്ഷിതമാണ്,’ പ്രചരണത്തിനിടെ റെഡ്ബ്രിഡ്ജിലെ ജനങ്ങളോട് നൂര്‍ ജഹാന്‍ പറഞ്ഞ വാക്കുകള്‍.

ഇതിനുപുറമെ മാര്‍ച്ചില്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ലേബര്‍ എം.പിയായ ജാസ് അത്വാള്‍ മെയ്ഫീല്‍ഡ് കൗണ്‍സില്‍ സ്ഥാനം രാജിവെച്ചിരുന്നു. ജാസിന്റെ രാജിയും അഴിമതി ആരോപണങ്ങളും ഉപതെരഞ്ഞടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയായി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, യു.കെയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സീറ്റുകളില്‍ പാര്‍ട്ടിക്ക് നഷ്ടമായത് 40 ശതമാനം മണ്ഡലങ്ങളാണ്. വിജയം കണ്ട കൗണ്‍സില്‍ സീറ്റുകളില്‍ നേടിയ വോട്ടില്‍ 80 ശതമാനത്തിലധികം ഇടിവും ഉണ്ടായിട്ടുണ്ട്.

Content Highlight: Pro-Palestine independent wins UK local election in sign Labour still faces anger over Gaza

Latest Stories