Kerala
നിങ്ങളാണ് ഇതില്‍ കുറ്റവാളി, മാന്യതയുണ്ടെങ്കില്‍ രാജിവെക്കൂ; ആരിഫ് മുഹമ്മദ് ഖാന് മുന്‍ വി.സിയുടെ കത്ത്
തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുറന്ന കത്തുമായി പ്രൊഫ. എം.വി നാരായണന്‍.
തന്നെ നിയമിച്ചതിന്റെ മുഴുവന്‍ പ്രക്രിയകള്‍ക്കും നേതൃത്വം നല്‍കിയത് ഗവര്‍ണറായതിനാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗവര്‍ണര്‍ രാജിവെക്കണമെന്നും അല്ലെങ്കില്‍ പരസ്യമായി മാപ്പ് പറയണമെന്നും പ്രൊഫ. എം.വി നാരായണന്‍ കത്തില്‍ പറഞ്ഞു.
എം.വി നാരായണന്റെ നിയമനത്തില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തെ വൈസ് ചാന്‍സിലര്‍ സ്ഥാനത്തുനിന്നും പുറത്താക്കാന്‍ ഉത്തരവിട്ടത്.
ചാന്‍സിലര്‍ക്ക് നല്‍കേണ്ട മൂന്നംഗം പാനലിന് പകരം ഒരു പേരുമാത്രമാണ് നല്‍കിയത് എന്നും ഇത് യു.ജി.സി മാനദണ്ഡത്തിന് എതിരാണെന്നുമുള്ള സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍.
എന്നാല്‍ യൂണിവേഴ്‌സിറ്റി ആക്റ്റ് അനുസരിച്ച് ഒരു പേര് മാത്രം നല്‍കിയാല്‍ മതിയെന്ന് താങ്കള്‍ തന്നെയാണ് സെര്‍ച്ച് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതെന്നും നിയമനവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയയും നിലവിലുള്ള ചട്ടങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ചാന്‍സിലര്‍ക്കായിരുന്നെന്നും സ്വന്തം തെറ്റ് മറച്ചുവെച്ച് തന്നെ കരുവാക്കിയെന്നും എം.വി നാരായണന്‍ കത്തില്‍ പറയുന്നു.
‘താങ്കളുടെ നിര്‍ദേശപ്രകാരം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് എന്നെ പുറത്താക്കിയിരിക്കുകയാണല്ലോ. എന്റെ നിയമനം യു.ജി.സി ചട്ടപ്രകാരമല്ല എന്നും ഞാന്‍ വൈസ് ചാന്‍സലറുടെ ഓഫീസ് ഉടന്‍ ഒഴിയണമെന്നുമായിരുന്നു എനിക്ക് ലഭിച്ച നിര്‍ദേശം. തുടര്‍ന്ന്, ഈ വിഷയത്തില്‍ ഇടക്കാല ഉത്തരവിന് വേണ്ടി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അതിന് വിസ്സമ്മതിച്ചതിന് പിന്നാലെ ഞാന്‍ ഓഫീസ് ഒഴിഞ്ഞു.
എന്നെ വൈസ് ചാന്‍സിലര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്നതിലേക്ക് നയിച്ച സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഈ നടപടി ഞാന്‍ നേരിടേണ്ടി വന്നത് എന്റെ തെറ്റുകൊണ്ടല്ലെന്നും മറിച്ച് ചാന്‍സിലറായ താങ്കള്‍ തന്നെ വരുത്തിയ ക്രമക്കേടുകളും പിഴവുകളും കാരണമാണെന്നും വ്യക്തമാണ്.
കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ എന്ന ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ തസ്തികയിലേക്ക് നിയമിക്കുന്നത് കമ്മിറ്റി അംഗങ്ങള്‍ ഏകകണ്ഠമായാണ്.
എന്നാല്‍ 2021 ഡിസംബര്‍ 10 ന്, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം സംസ്ഥാന വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് താങ്കള്‍ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതി. വൈസ് ചാന്‍സലറുടെ നിയമനത്തില്‍ ഒരു പേര് മാത്രം ശുപാര്‍ശ ചെയ്ത് തന്റെ അധികാരം പരിമിതപ്പെടുത്താന്‍ കമ്മിറ്റി ശ്രമിച്ചെന്നായിരുന്നു താങ്കളുടെ ആരോപണം.
മൂന്ന് പേരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും എന്നാല്‍ അപേക്ഷകരില്‍ ഒരാള്‍ക്ക് മാത്രമാണ് യോഗ്യതയുണ്ടായിരുന്നെന്ന് സെര്‍ച്ച് കമ്മിറ്റി പറഞ്ഞെന്നും ബാക്കി ആറ് പേര്‍ പരിഗണിക്കപ്പെടാന്‍ പോലും യോഗ്യതയില്ലാത്തവരായിരുന്നെന്ന് കമ്മിറ്റി പറഞ്ഞെന്നുമായിരുന്നു താങ്കളുടെ ആരോപണം.
എന്നാല്‍ 2022 ഡിസംബര്‍ 12 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി താങ്കളുടെ ഈ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു. സെര്‍ച്ച് കമ്മിറ്റി മറ്റു പേരുകള്‍ കൂടി നല്‍കാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ യൂണിവേഴ്‌സിറ്റി ആക്റ്റ് അനുസരിച്ച് ഒരു പേര് മാത്രം നല്‍കാന്‍ താങ്കള്‍ തന്നെ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നെന്ന് സെര്‍ച്ച് കമ്മിറ്റിയിലെ അംഗം അറിയിച്ചതായിട്ടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
7.03.2022 ലാണ് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി എന്നെ നിയമിക്കുന്നത്. ‘എസ്.എസ്.യു.എസ് ആക്ട് 1994 ലെ സെക്ഷന്‍ 24 (3) പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ചാണ് നിയമനമെന്ന് താങ്കള്‍ അന്ന് വ്യക്തമാക്കിയിരുന്നു. നിങ്ങളുടെ നിയമന ഉത്തരവ് തികഞ്ഞ വിശ്വാസത്തോടെ സ്വീകരിക്കുകയും 8.3.2022 ന് വൈസ് ചാന്‍സലറായി ഞാന്‍ ചുമതലയേല്‍ക്കുകയും ചെയ്തു.
എന്നാല്‍ ഏഴ് മാസത്തിന് ശേഷം ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എനിക്ക് ഒരു നോട്ടീസ് അയച്ചു.
എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമന കേസിലെ സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാനത്തെ മറ്റ് എട്ട് വൈസ് ചാന്‍സലര്‍മാര്‍ക്കൊപ്പം എന്റെ നിയമനവും നിയമവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ നോട്ടീസ്.
യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്റെ നിയമനമെന്നായിരുന്നു താങ്കളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എനിക്കയച്ച നോട്ടീസില്‍ പറഞ്ഞത്.
പിറ്റേന്ന് രാവിലെ 11.30 ന് രാജിക്കത്ത് സമര്‍പ്പിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.
നോട്ടീസിന്‍മേല്‍ അടുത്ത ദിവസം കോടതിയെ സമീപിച്ചെങ്കിലും കോടതി അത് മാറ്റിവെച്ചു. ഹിയറിംഗിനിടെ, എല്ലാ വൈസ് ചാന്‍സലര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ അവര്‍ക്കെതിരെ നടപടിയെടുക്കൂവെന്നും നിങ്ങളുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.
എന്റെ നിയമനം ‘യു.ജി.സി ചട്ടങ്ങള്‍ അനുസരിച്ചുള്ളതല്ല’ എന്നും ഞാന്‍ ഉടന്‍ വൈസ് ചാന്‍സലറുടെ ഓഫീസ് ഒഴിയണമെന്നും നിങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും യു.ജി.സി 2018 ലെ ചട്ടങ്ങള്‍ക്കനുസൃതമായാണ് നിയമനം നടത്തിയതെന്ന് നിങ്ങള്‍ തന്നെ സമ്മതിച്ചിരുന്നുവെന്നായിരുന്നു എന്റെ മറുപടി. എന്നാല്‍ വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തില്‍ 21.03.2024ന് ഞാന്‍ ഓഫീസ് ഒഴിഞ്ഞു.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയില്‍, എന്നെ വൈസ് ചാന്‍സലറായി തെരഞ്ഞെടുത്തതിന്റെയും നിയമിച്ചതിന്റേയും തുടര്‍ന്ന് എന്നെ നീക്കം ചെയ്യുന്നതിന്റെയും മുഴുവന്‍ പ്രക്രിയകള്‍ക്കും നേതൃത്വം നല്‍കിയത് നിങ്ങളാണെന്ന് ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
നിങ്ങള്‍ സെര്‍ച്ച്-കം-സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും നിങ്ങള്‍ക്ക് കമ്മിറ്റിയുടെ ശുപാര്‍ശ ലഭിക്കുകയും ആ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നിയമനം നടത്തുകയും ചെയ്യുകയായിരുന്നു. മുഴുവന്‍ പ്രക്രിയയും നിലവിലുള്ള ചട്ടങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമായിരുന്നു.
ഏതെങ്കിലും ഘട്ടത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി നിങ്ങള്‍ മാത്രമാണ്. ചട്ടമനുസരിച്ചല്ല നിയമനമെങ്കില്‍ അത് തിരുത്താന്‍ നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് മുന്‍പിലുണ്ടായിരുന്നു.
നിങ്ങള്‍ സര്‍ക്കാരിന് അയച്ച കത്തില്‍ അവകാശപ്പെട്ടതുപോലെ, കമ്മിറ്റിയുടെ ശുപാര്‍ശ യു.ജി.സി ചട്ടങ്ങള്‍ക്ക് അനുസൃതമല്ലെന്നുണ്ടായിരുന്നെങ്കില്‍ ആ ശുപാര്‍ശ നിരസിക്കാനും തിരികെ അയക്കാനും നിങ്ങള്‍ക്ക് കഴിയുമായിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന നിങ്ങള്‍ എന്നാല്‍ അതില്‍ പരാജയപ്പെട്ടു.
ഇത് ബോധപൂര്‍വമല്ലെന്ന് സംശയിക്കാതിരിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥ കുറ്റവാളി നിങ്ങളാണെന്നത് ബോധപൂര്‍വം മറക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്.
നിങ്ങള്‍ പുറത്തുവിട്ട വിജ്ഞാപനത്തിന്‍മേലാണ് ഞാന്‍ അപേക്ഷിച്ചതും നിങ്ങള്‍ രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റിയുമായുള്ള ആശയവിനിമയത്തില്‍ പങ്കെടുത്തതും. നിങ്ങളുടെ നിയമന ഉത്തരവ് സ്വീകരിച്ചത് മാത്രമാണ് ഞാന്‍ ചെയ്ത തെറ്റ്. ക്രമക്കേട് നടന്നതായോ യോഗ്യതയില്ലെന്നോ എന്ന ആരോപണം അന്നുയര്‍ന്നില്ല.
നിങ്ങളുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ ഇരയാക്കപ്പെട്ടുവെന്നു മാത്രമല്ല, ഇപ്പോള്‍ ഒരു കുറ്റവാളിയുമായിരിക്കുന്നു. അതേസമയം നിങ്ങള്‍ സ്വയം പ്രതിരോധിച്ചു. പരിശുദ്ധനായി. എന്നാല്‍ മാധ്യമങ്ങള്‍ എന്നെ യോഗ്യതയില്ലാത്ത സ്ഥാനത്ത് കയറിപ്പറ്റിയ വ്യക്തിയായി ചിത്രീകരിച്ചു. സ്വയം മുഖം നഷ്ടപ്പെട്ട വ്യക്തിയായി ഞാന്‍ മാറി. പൊതുസമൂഹത്തില്‍ നിന്ന് പോലും എനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
വിദ്യാഭ്യാസത്തിനും അധ്യാപനത്തിനും വേണ്ടി മുഴുവന്‍ ജീവിതവും സമര്‍പ്പിച്ച ഒരു വ്യക്തിയാണ് ഞാന്‍. വിവിധ രാജ്യങ്ങളിലെ പ്രശസ്തമായ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയും അര്‍പ്പണബോധമുള്ള അധ്യാപകനെന്ന നിലയില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ ബഹുമാനം നേടിയിട്ടുമുണ്ട്.
സാഹിത്യ മേഖലകളിലും ഗവേഷണത്തിലും എന്റേതായ എളിയ സംഭാവനകള്‍ നല്‍കി. സാഹിത്യ നിരൂപണത്തിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ എന്റെ കൃതികള്‍ക്ക് ലഭിച്ചു. ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ അതില്‍ ചിലതാണ്. നിങ്ങളുടെ പ്രവൃത്തികള്‍ക്കും നിരുത്തരവാദിത്വത്തിനും നന്ദി, അപമാനത്തിന്റെ ഇരുണ്ട നിഴലിലേക്ക് ഞാന്‍ തള്ളിയിടപ്പെട്ടു.
സര്‍, താങ്കള്‍ക്ക് താല്‍പ്പര്യമില്ലെങ്കിലും ഞാന്‍ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ച രണ്ട് വര്‍ഷത്തെ സര്‍വകലാശാലയുടെ നേട്ടങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
ഞാന്‍ ഓഫീസ് ഒഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ മറ്റൊരു സര്‍വകലാശാലയില്‍ നിന്നുള്ള ഒരാളെ വിസി-ഇന്‍ചാര്‍ജായി നിങ്ങള്‍ നിയമിച്ച താങ്കളുടെ ഔചിത്യത്തെ അഭിനന്ദിക്കാതെ തരമില്ല.
മറ്റൊരു സര്‍വകലാശാലയില്‍ നിന്ന് ഒരു വ്യക്തിയെ ഏത് മാനദണ്ഡം വെച്ചാണ് നിങ്ങള്‍ നിയമിച്ചത്. ആ നിയമനം പോലും അസാധാരണമാണ്.
ഈ തസ്തികയിലേക്ക് പരിഗണിക്കപ്പെട്ട ഏഴ് അപേക്ഷകരില്‍ ഒരാളായ, എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് വേണ്ടത്ര യോഗ്യനല്ലെന്ന് കണ്ടെത്തിയ മറ്റൊരു സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരാള്‍ക്ക് നിങ്ങള്‍ ചുമതല നല്‍കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യം വളരെ പ്രസക്തമാണ്.
സര്‍, നിങ്ങളുടെ ഈ പ്രവൃത്തികള്‍ എനിക്കുണ്ടാക്കിയ മാനഹാനി ചെറുതല്ല. അത് ഒരിക്കലും പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
യഥാര്‍ത്ഥത്തില്‍, ഞാന്‍ നിങ്ങളോട് നഷ്ടപരിഹാരം ചോദിക്കണം, എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്യുന്നില്ല. കാരണം അത്തരം പ്രതികാര നടപടികളിലേക്ക് ഞാന്‍ കടക്കുന്നില്ല.
നിങ്ങള്‍ക്ക് മാന്യതയുടെ ഒരു കണികയെങ്കിലും ഉണ്ടെങ്കില്‍, നിങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അത് അംഗീകരിച്ചുകൊണ്ട് ചാന്‍സലര്‍ പദവിയില്‍ നിന്ന് രാജിവെക്കുകയും ചെയ്യുക. അതുമല്ലെങ്കില്‍ എന്നെ അപമാനിച്ചതിന് പരസ്യമായി ക്ഷമാപണം നടത്തുക,’ കത്തില്‍ എം.വി നാരായണന്‍ പറഞ്ഞു.
Content Highlight: Pro. M.V Narayanan Open letter to the Chancellor Arif Mohammed Khan