| Tuesday, 4th July 2023, 8:33 am

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്ഥാന്‍ അനുകൂലികള്‍ തീവെച്ചു; അപലപിച്ച് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്ഥാന്‍ അനുകൂലികള്‍ തീവെച്ച സംഭവത്തെ അപലപിച്ച് യു.എസ്. ഞായറാഴ്ച പുലര്‍ച്ചെ 1.30 നാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ കോണ്‍സുലേറ്റിന് തീവെച്ചതെന്നാണ് പ്രാദേശിക വാര്‍ത്ത ചാനലായ ദിയ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഞ്ച് മാസത്തിനിടെ കോണ്‍സുലേറ്റിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഖലിസ്ഥാന്‍ അനുകൂലികള്‍ പുറത്ത് വിട്ട തീപിടുത്തത്തിന്റെ വീഡിയോ ദിയ ടി.വി പുറത്ത് വിട്ടു. എന്നാല്‍ വീഡിയോയുടെ ആധികാരികത ഉറപ്പ് വരുത്താന്‍ സാധിച്ചിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

കോണ്‍സുലേറ്റ് നശിപ്പിക്കാനുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലെര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീവെച്ച സംഭവത്തെ ശക്തമായി അപലപിക്കുന്നു. യു.എസിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്കും വിദേശ നയതന്ത്രര്‍ക്കുമെതിരായ ആക്രമണം ക്രിമിനല്‍ കുറ്റമാണ്,’ മാത്യു മില്ലെര്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ മാര്‍ച്ചിലും ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തിയിരുന്നു. മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ഖലിസ്ഥാന്‍ അനുകൂലികള്‍ കോണ്‍സുലേറ്റില്‍ പ്രവേശിക്കുകയും ഖലിസ്ഥാന്‍ പതാക സ്ഥാപിക്കുകയുമായിരുന്നു. പൊലീസിന്റെ സുരക്ഷാ സംവിധാനത്തെ മറികടന്നായിരുന്നു ഇവര്‍ കോണ്‍സുലേറ്റില്‍ പ്രവേശിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പതാക ഉടന്‍ തന്നെ മാറ്റിയിരുന്നു.

Content Highlight:  Pro Khalisthan set fire to the indian consulate in san francisco

Latest Stories

We use cookies to give you the best possible experience. Learn more