ന്യൂദല്‍ഹി: ദല്‍ഹിയില്‍ മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്. അഞ്ചിലധികം സ്‌റ്റേഷനുകളിലെങ്കിലും ചുവരെഴുത്തുണ്ടായെന്ന് പൊലീസിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ജി-20 ഉച്ചക്കോടിയുടെ ഭാഗമായി ദല്‍ഹി കനത്ത സുരക്ഷാ വലയത്തിലായിരിക്കുമ്പോഴാണ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്.
ശിവാജി പാര്‍ക്ക്, മാദീപൂര്‍, ഉദ്യോഗ് നഗര്‍, പഞ്ചാബി ബാഗ്, മഹാരാജ് സൂരജ്മാല്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലാണ് ചുവരെഴുത്ത് കാണുന്നത്. ഖലിസ്ഥാന്‍ റഫറണ്ടം സിന്ദാബാദ്, ദല്‍ഹിയില്‍ ഖലിസ്ഥാന്‍ രൂപീകരിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എഴുതിയിരിക്കുന്നത്.
ഇത് ക്രമസമാധാനത്തിന്റെ പ്രശ്‌നമാണെന്നും ദല്‍ഹി പൊലീസുമായി സഹകരിക്കുമെന്നും ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു. സി.സി.ടി.വി പരിശോധിക്കുമെന്നു അവര്‍ അറിയിച്ചിട്ടുണ്ട്. ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് പെയിന്റടിച്ച് എഴുത്ത് മായ്ച്ച് കളഞ്ഞിട്ടുമുണ്ട്. ഇന്ത്യയില്‍ വിലക്കുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്.
അതേസമയം സെപ്റ്റംബര്‍ 9,10 തീയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. യൂറോപ്യന്‍ യൂണിയനിലുള്ള 30ലധികം രാഷ്ട്രത്തലവന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനാ മേധാവികളും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
CONTENT HIGHLIGHTS: Pro-Khalistan graffiti on metro stations in Delhi