ഇന്ത്യയുടെ സ്വന്തം കായികവിനോദമായ കബഡിയുടെ ഫ്രാഞ്ചൈസി ലീഗ്, പ്രൊ കബഡിക്ക് ബുധനാഴ്ച തുടക്കമാവും. ടൂര്‍ണമെന്റിന്റെ എട്ടാം സീസണിനാണ് 22ാം തീയതി തുടക്കമാവുന്നത്.
പന്ത്രണ്ട് ടീമുകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. കിടിലന്‍ ടാക്കിളുകളും ഡാഷുകളും റെയ്ഡുകളുമായി കളം വാഴാനുറച്ചാണ് ടീമുകള്‍ കോര്‍ട്ടിലിറങ്ങുന്നത്.
ബംഗാള്‍ വാറിയേഴ്‌സ്, ബെംഗളൂരു ബുള്‍സ്, തമിള്‍ തലൈവാസ്, തെലുഗു ടൈറ്റന്‍സ്, യു മുംബ, യു.പി യോദ്ധാ, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ്, പാറ്റ്‌ന പൈറേറ്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ്, പുണേരി പള്‍ട്ടാന്‍, ദബാംഗ് ദല്‍ഹി കെ.സി എന്നീ ടീമുകളാണ് മത്സരരംഗത്തുള്ളത്.
ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം നിരവധി വിദേശ താരങ്ങളും വിവിധ ടീമുകള്‍ക്കായി കോര്‍ട്ടില്‍ തീ പാറിക്കാനെത്തുന്നുണ്ട്. ഇറാന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായ മെറാജ് ഷെയ്ക്ക്, ഇറാന്‍ താരങ്ങളായ അബുജാര്‍ മിഖാനി,ഫസല്‍ അത്രാചാലി, കൊറിയന്‍ ദേശീയ ടീമിന്റെ നായകനായ യാംഗ് കുന്‍ ലീ എന്നിവരാണ് കളത്തിലിറങ്ങുന്ന പ്രമുഖ വിദേശ താരങ്ങള്‍.
മുന്‍ ചാമ്പ്യന്‍മാരായ യു മുംബയും ബെംഗളൂരു ബുള്‍സും തമ്മിലാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനമത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ബംഗാള്‍ വാറിയേഴ്‌സും ആദ്യ ദിനം കളത്തിലിറങ്ങുന്നുണ്ട്. യു.പി യോദ്ധാസാണ് ബംഗാളിന്റെ എതിരാളികള്‍.
കൊവിഡ് ഭീതി കാരണം ഒറ്റ സ്‌റ്റേഡിയത്തിലായാണ് ടൂര്‍ണമെന്റിന്റെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതു കാരണം ടീമുകള്‍ക്ക് ഹോം ഗ്രൗണ്ടും ഹോം ക്രൗഡും ആസ്വദിക്കാനാവില്ല.
മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിലും കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഇതിന് പകരമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് അടക്കമുള്ള എട്ടോളം ചാനലുകളിലാണ് മത്സരം ലൈവായി ടെലികാസ്റ്റ് ചെയ്യുക.
ഈ വര്‍ഷം ജൂണില്‍ ഷെഡ്യൂള്‍ ചെയ്ത മത്സരങ്ങള്‍ കൊവിഡ് കാരണം നീണ്ടുപോവുകയായിരുന്നു. ഡിസംബര്‍ 22ന് ആരംഭിക്കുന്ന മുഴുവന്‍ മത്സരങ്ങളുടെയും ഫിക്‌സ്ച്ചര്‍ ഇനിയും പുറത്തു വിട്ടിട്ടില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Pro Kabaddi Season 8 starts on 22nd December