| Friday, 24th May 2024, 11:25 am

ബ്രിട്ടീഷ് സര്‍ക്കാരിന് ഇസ്രഈല്‍ ലോബികളില്‍ നിന്നും ധനസഹായം ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇസ്രഈല്‍ അനുകൂല ലോബികളില്‍ നിന്നും ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാരില്‍ മൂന്നിലൊന്ന് പേര്‍ക്കും ഇസ്രഈല്‍ അനുകൂല ലോബി ഗ്രൂപ്പുകളില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടുണ്ടെന്ന് ഡീക്ലാസ്സിഫൈഡ് റിപ്പോര്‍ട്ട് ചെയ്തു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 344 പാര്‍ലമെന്റ് അംഗങ്ങളില്‍ 126 പേരും ഇസ്രഈല്‍ അനുകൂല ലോബി ഗ്രൂപ്പുകളില്‍ നിന്ന് ധനസഹായം സ്വീകരിച്ചതായാണ് വെളിപ്പെടുത്തല്‍. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് 187 തവണ ഇസ്രഈല്‍ സന്ദര്‍ശിക്കാന്‍ ലോബി ഗ്രൂപ്പുകള്‍ പണം നല്‍കിയിട്ടുണ്ട്. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രകളും അതില്‍ ഉള്‍പ്പെടുന്നുണ്ട്.

അമേരിക്കന്‍ ഇസ്രഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി(ഐപാക്), ജൂത നാഷണല്‍ ഫണ്ട്(ജെ.എന്‍.എഫ്), നാഷണല്‍ ജൂത അസംബ്ലി(എന്‍.ജെ.എ) എന്നിവയും കണ്‍സര്‍വേറ്റീവ് എം.പിമാര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോബി ഗ്രൂപ്പുകളില്‍ ഏറ്റവും പ്രധാനപെട്ട ഗ്രൂപ്പായ കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇസ്രഈലില്‍ (സി.എഫ്.ഐ) കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 80 ശതമാനത്തോളം പേര്‍ അംഗങ്ങളാണ്. ഇസ്രഈലിലേക്കുള്ള സന്ദര്‍ശനത്തിന് വന്‍തുകയാണ് ഈ ഗ്രൂപ്പ് നല്‍കുന്നത്. ഇസ്രഈലിലെ ഏറ്റവും വലിയ ആയുധകമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസ് നടത്തുന്ന ഫാക്ടറികളുടെ പര്യടനങ്ങളില്‍ സി.എഫ്.ഐ പ്രതിനിധികള്‍ ഉള്‍പ്പെടുന്നുണ്ട്.

ഇസ്രഈലിന്റെ ഫലസ്തീന്‍ വംശഹത്യക്കെതിരെ ലോകരാജ്യങ്ങള്‍ പ്രതിഷേധം രേഖപെടുത്തിയപ്പോഴും, യുകെ.യിലെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ഇസ്രഈലിന്റെ ഉപരോധത്തിനും ഗാസയിലെ ബോംബാക്രമണത്തിനും പിന്തുണ നല്‍കിയിരുന്നു. ഗസയില്‍ ഇസ്രഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്ക് കൂട്ടുനിന്നുവെന്നാരോപിച്ച് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജസ്റ്റിസ് ഫോര്‍ ഫലസ്തീന്‍ (ഐ.സി.ജെ.പി) കണ്‍സേര്‍വേറ്റിവ് എം.പിമാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന വംശഹത്യയില്‍ ഇതുവരെ 35000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.

Content Highlight: Pro-Israel groups fund one-third of Conservative MPs, report reveals

We use cookies to give you the best possible experience. Learn more