| Tuesday, 13th August 2024, 11:35 am

'എന്തുവിലകൊടുത്തും ഫലസ്തീന്‍ അനുകൂലി ഇല്‍ഹാന്‍ ഒമറിനെ പുറത്താക്കണം'; വ്യാപക ഫണ്ട് ശേഖരണവുമായി ഇസ്രഈല്‍ വ്യവസായികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ സൊമാലിയന്‍ വംശജയും ഫലസ്തീന്‍ അനുകൂലിയുമായ ഇല്‍ഹാന്‍ ഒമറിനെ നിയമ നിര്‍മ്മാണ സഭയായ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ ഇസ്രഈല്‍ അനുകൂല വ്യവസായികള്‍ വ്യാപകമായ ഫണ്ട് ശേഖരണം നടത്തിയെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട്.

യു.എസില്‍ കഴിഞ്ഞ ദിവസം നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനുകൂലിയായായ ഒമര്‍ തന്റെ സിറ്റിങ് മണ്ഡലമായ മിനിസോട്ടയില്‍ നിന്ന് ശക്തമായ തിരിച്ചടി നേരിട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ഒമറിനെ തോല്‍പ്പിക്കാനായി അമേരിക്കയിലെ ഒരു കൂട്ടം ഈസ്രഈലി കോടീശ്വരന്മാര്‍ കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് ഡോളര്‍ സമാഹരിച്ചെന്നാണ് റിപ്പോര്‍ട്ട്.

നിരന്തരമായി ഈസ്രഇല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഒമര്‍ 2019 മുതല്‍ യു.എസ് കോണ്‍ഗ്രസില്‍ മിനിസോട്ട മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഇവര്‍ യു.എസ് കോണ്‍ഗ്രസിലെത്തുന്ന രണ്ടാമത്തെ മുസ്‌ലിം വനിതയാണ്.

മിനിസോട്ട മണ്ഡലത്തിലെ ആദ്യ കറുത്ത വംശജ പ്രതിനിധിയായ ഇവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമനവാദത്തിന്റെ വക്താവായാണ് അറിയപ്പെടുന്നത്. മണ്ഡലത്തിലെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണ്‍ സാമുവല്‍സാണ് ഒമറിന്റെ മുഖ്യ എതിരാളി.

ഈ വര്‍ഷമാദ്യം ആരംഭിച്ച പ്രൈമറി തെരഞ്ഞെടുപ്പിലും ഫലസ്തീന്‍ അനുകൂലികളായ മത്സാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ഇസ്രഈലി അനുകൂല ലോബിയിങ് ഗ്രൂപ്പായ അമേരിക്കന്‍ ഇസ്രഈല്‍ പബ്ലിക് അഫയേര്‍സ് കമ്മിറ്റി(ഐപാക്) ഇത്തരത്തില്‍ ഫണ്ട് ശേഖരണം നടത്തിയിരുന്നു.

ഇവരുടെ പ്രവര്‍ത്തനഫലമായി ഫലസ്തീന്‍ അനുകൂലികളായ കോറി ബുഷിനും ജമാല്‍ ബോമാനും പ്രൈമറി തെരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഒമറിനെതിരെ ഇത്തരത്തില്‍ ഐപാക് ആക്രമണമുണ്ടാവുന്നത്.

ഒമറിനെതിരെ 24 മണിക്കൂറിനുള്ളില്‍ 100,000 ഡോളര്‍ നേടിയെന്ന് സാമുവലിനെ പിന്തുണയ്ക്കുന്ന സയണിസ്റ്റ് ഗ്രൂപ്പ് അവകാശപ്പെട്ടതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഒമര്‍ നേടിയ 1.6 മില്യണ്‍ ഡോളര്‍ ഫണ്ടിനെ മറികടക്കാന്‍ ഇതുവരെ ഐപാക് പിന്തുണയ്ക്കുന്ന സാമുവലിന് സാധിച്ചിട്ടില്ല.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമില്‍ നെതന്യാഹുവിന്റെ കടുത്ത വിമര്‍ശകയായ ഒമര്‍ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും ഫലസ്തീന്‍ അനുകൂല പ്രസ്ഥാനമായ ബി.ഡി.എസിന്റെ വക്താവുമാണ്.

Content Highlight: Pro Israel donors raise million dollars to defeat Illhan Omar

We use cookies to give you the best possible experience. Learn more