ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് ഇസ്‌ലാമാബാദിലെ തെരുവുകളില്‍ ബാനറുകള്‍. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇസ്‌ലാമാബാദിലെ റെഡ് സോണ്‍ കാറ്റഗറിയില്‍പ്പെട്ട അതീവ സുരക്ഷാ മേഖലകളിലും ബ്ലൂ സോണുകളിലുമാണ് ഇന്നലെ രാത്രിയോടെ ബാനറുകള്‍ ഉയര്‍ന്നത്.
ശിവസേന നേതാവ് സഞ്ജയ് റൗട്ടിന്റെ പ്രസ്താവന ഉദ്ധരിക്കുന്ന ബാനറായിരുന്നു ഒന്ന്. ” ഇന്ന് നമ്മള്‍ ജമ്മു കശ്മീര്‍ തിരിച്ചുപിടിച്ചു. നാളെ നമ്മള്‍ ബലൂചിസ്ഥാന്‍ തിരിച്ചുപിടിക്കും. അതിന് ശേഷം പാക് അധീന കശ്മീര്‍. വിഭജിക്കാന്‍ സാധിക്കാത്ത ഇന്ത്യയെന്ന സ്വപ്‌നം പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാത്ക്കരിക്കുമെന്ന് ഉറപ്പുണ്ട്” എന്നായിരുന്നു ബാനറില്‍ കുറിച്ചത്.
‘അഖണ്ഡഭാരതം’ എന്നഴുതിയ ഇന്ത്യയുടെ മാപ്പായിരുന്നു മറ്റൊരു ബാനറില്‍. ഡസണ്‍ കണക്കിന് ബാനറുകളായിരുന്നു ഇസ്‌ലാമാബാദ് എഫ്- 6 സെക്ടറുകളില്‍ ഉയര്‍ന്നത്. പ്രസ് ക്ലബ്, അബ്പാര ചൗക്ക് എന്നിവിടങ്ങളിലും ബാനറുകള്‍ ഉയര്‍ന്നിരുന്നു.
വിഷയം അന്വേഷിക്കണമെന്നും ബാനറുകള്‍ പിടിച്ചെടുക്കാന്‍ അഞ്ച് മണിക്കൂര്‍ വൈകിയതിന്റെ കാരണവും അന്വേഷിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടതായി ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ബൈക്കിലെത്തിയ രണ്ടംഗ സംഘം എഫ്-6 സെക്ടറില്‍ ബാനറുകള്‍ സ്ഥാപിക്കുന്നത് സിസി ടിവി ക്യാമറയില്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.