| Wednesday, 26th January 2022, 12:51 pm

ഹൂതി അനുകൂല ട്വീറ്റ്; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് റാണ അയ്യൂബിനെതിരെ വ്യാപക പ്രതിഷേധം; തീവ്രവാദിയെന്ന് ആരോപിക്കുന്നതായി റാണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹൂതി വിമതസേനയും അറബ് സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള ട്വീറ്റിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തക റാണ അയ്യുബിനെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രതിഷേധം.

ഹൂതികളെ അനുകൂലിച്ചും സൗദിയെ വിമര്‍ശിച്ചുമുള്ള റാണയുടെ ട്വീറ്റിന്റെ പേരിലായിരുന്നു വിമര്‍ശനം.
രക്തദാഹികള്‍ എന്ന് വിളിച്ചാണ് റാണ സൗദിയെ വിമര്‍ശിച്ചിരുന്നത്.

‘യെമനില്‍ ചോര ചിതറുകയാണ്. രക്തദാഹികളായ സൗദികളെ തടുക്കാന്‍ ആരുമില്ല. ഇവരാണ് ഇസ്‌ലാമിന്റെ കാത്തുസൂക്ഷിപ്പുകാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്.

ഒരു മുസ്‌ലിം എന്ന നിലയില്‍ ഈ കാട്ടാളന്മാരാണ് വിശുദ്ധ പള്ളിയുടെ കാത്ത് സൂക്ഷിപ്പുകാരാണെന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. ലോകത്തിന് ഈ വംശഹത്യയില്‍ നിശബ്ദരായിരിക്കാന്‍ പറ്റില്ല,’ എന്നായിരുന്നു വിഷയത്തില്‍ റാണയുടെ ട്വീറ്റ്.

യെമനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഈ ട്വീറ്റിന്റെ പേരില്‍ തീവ്രവാദികളെ സംരക്ഷിക്കുന്നവരെന്ന് ആരോപിക്കുന്നു എന്നാണ് റാണ അയ്യൂബ് മറ്റൊരു ട്വീറ്റില്‍ പറയുന്നത്. തനിക്ക് വൃത്തികെട്ട വലതുപക്ഷ പീഡനങ്ങളും അധിക്ഷേപങ്ങളുമാണ് ഏല്‍ക്കേണ്ടിവരുന്നതെന്നും അവര്‍ പറഞ്ഞു.

ഇത്തരം ആക്രമങ്ങള്‍ വളഞ്ഞ വഴിയും അപകടകരവുമാണെന്നും റാണ അയ്യൂബ് ട്വീറ്റ് ചെയ്തു. വിമര്‍ശനങ്ങള്‍ കടുത്തതോടെയാണ് റാണ അയ്യൂബ് മറുപടിയുമായി രംഗത്തെത്തിയത്.

അതേസമയം, റാണ അയ്യുബിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ യു.എ.ഇ രാജകുടുംബാംഗമായ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമിയും റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. യെമനില്‍ ഹൂതികള്‍ നടത്തുന്നത് പോരാട്ടമല്ല തീവ്രവാദ ആക്രമണമാണെന്നതാണ് റാണ അയ്യൂബിനെതിരെയുള്ള വിമര്‍ശനം.

‘റാണയെ പോലുള്ള വൈറ്റ് ലേബല്‍ ഇസ്‌ലാമിസ്റ്റുകളാണ് യഥാര്‍ത്ഥത്തില്‍ തീവ്രവാദികളേക്കാള്‍ അപകടകാരികള്‍. ഹൂതികളുടെ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതുപോലും ഇവര്‍ മറന്നു,’
എന്നാണ് റാണയെ വിമര്‍ശിച്ച് യു.ഇയിലെ പ്രമുഖ ബിസിനസ്‌കാരനായ ഹസ്സന്‍ സജ്വാനി ട്വീറ്റ് ചെയ്തത്.

CONTENT HIGHLIGHTS: Pro- Houthi tweets, protests against journalist Rana Ayyub on social media in the Gulf

Latest Stories

We use cookies to give you the best possible experience. Learn more