കോഴിക്കോട്: ചാനല്‍ ചര്‍ച്ചകളിലും ടി.വി പരിപാടികളിലുമൊക്കെയായി മലയാളികള്‍ക്ക് സുപരിചിതനായ ആളാണ് രാഹുല്‍ ഈശ്വര്‍. വലതു നിരീക്ഷകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, സാമൂഹ്യ നിരീക്ഷകന്‍, ശബരിമല കര്‍മ സമിതി അംഗം, രാഷ്ട്രീയ വിമര്‍ശകന്‍ എന്നീ പല വിശേഷണങ്ങളില്‍ അദ്ദേഹം ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
എന്നാലിപ്പോള്‍ പുതിയൊരു പട്ടം കൂടി ലഭിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വറിന്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ അനുകൂലി(ദിലീപ് അനുകൂലി) എന്ന വിശേഷണത്തിലാണ് അദ്ദേഹം ഒടുവില്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി ഒമ്പതിന് നടന്ന മീഡിയാ വണ്‍ ചാനലിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ ചര്‍ച്ചയിലാണ് ദിലീപ് അനുകൂലി എന്ന വിശേഷണത്തില്‍ രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. സ്മൃതി പരുത്തിക്കാട് നയിച്ച ചര്‍ച്ചയില്‍ സജി നന്ദ്യാട്ട്(നിര്‍മാതാവ്), അഡ്വ. അജകുമാര്‍(നിയമവിദഗ്ദന്‍), അഡ്വ. ആശ(നിയമവിദഗ്ദ) എന്നിവരായിരുന്നു രാഹുല്‍ ഈശ്വറിനെ കൂടാതെയുള്ള മറ്റു പാനലിസ്റ്റുകള്‍.
ചര്‍ച്ചയില്‍ തന്നെ ദിലീപ് അനുകൂലി എന്ന് എന്തിനാണ് വിശേഷിപ്പിച്ചെതെന്ന് രാഹുല്‍ ഈശ്വര്‍ അവതാരകയായ സ്മൃതിയോട് ചോദിക്കുന്നുണ്ട്. രാഷ്ട്രീയ നിരീക്ഷകനോ മറ്റോ നല്‍കിക്കൂടെ എന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇങ്ങനെയൊരു വിഷയത്തില്‍ രാഷ്ട്രീയ നിരീക്ഷകന്‍ എന്ന് വിളിക്കുന്നതിന് എന്ത് പ്രസക്തിയാണുള്ളത് എന്നാണ് സ്മൃതി ചോദിക്കുന്നത്.