തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. മധ്യപ്രദേശിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് അനുകൂല കാറ്റുണ്ടെന്നും തെലങ്കാനയിലും വലിയ മുന്നേറ്റമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണം കൊടുത്ത് കോണ്‍ഗ്രസ് ആളുകളെ സ്വാധീനിക്കുന്നുണ്ടെന്ന ബി.ജെ.പിയുടെ ആരോപണം തെറ്റാണെന്ന് കര്‍ണാടക തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടകയില്‍ 136 സീറ്റുകളോടെ തങ്ങള്‍ക്ക് ജയിക്കാനായെന്നും അതുപോലെത്തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ ജയിക്കാനാകുമെന്ന് കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ ലക്ഷ്യം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും വിശാലമായ കാഴ്ചപ്പോടുകളോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഈ രാജ്യത്തെ വിഭജിക്കുന്ന, നാട്ടിലെ ജനാധിപത്യ മതേതരത്വ ക്രമങ്ങളേയും അട്ടിമറിക്കുന്ന ഏകാധിപതിയായി ഭരണം നടത്തുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ താഴെയിറക്കുക എന്നുള്ളതാണ് ഞങ്ങളുടെ കര്‍ത്തവ്യം. അതിന്റെ അടിസ്ഥാനത്തില്‍ വിട്ടുവീഴ്ചാ മനോഭാവത്തോടെ മുന്നോട്ടുപോവുക എന്നുള്ളതാണ്,’ അദ്ദേഹം പറഞ്ഞു.
26 പാര്‍ട്ടികളുള്ള മുന്നണിയിലെ പിണക്കങ്ങള്‍ സ്വാഭാവികമാണ്. പ്രശ്‌നങ്ങള്‍ ഉന്നയിച്ചവരോട് കോണ്‍ഗ്രസ് നേതൃത്വം സംസാരിക്കുന്നുണ്ട്. ആര്യാടന്‍ ഷൗക്കത്തിനെതിരായ നടപടി ചെറിയ കാര്യം മാത്രമാണ്. കെ.പി.സി.സി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Content Highlights: Pro-Congress situation in five states; Will topple Modi government, says K.C. Venugopal