ആരിഫ് മുഹമ്മദ്ഖാന് പിന്തുണയുമായി ബി.ജെ.പി അനുകൂല മുന്‍ വി.സിമാര്‍
Kerala News
ആരിഫ് മുഹമ്മദ്ഖാന് പിന്തുണയുമായി ബി.ജെ.പി അനുകൂല മുന്‍ വി.സിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th December 2023, 10:35 am

കോഴിക്കോട്: കേരളത്തിലെ വിവിധ സര്‍വകലാശാലകളിലേക്ക് സംഘപരിവാറുകാരെ നോമിനേറ്റ് ചെയ്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമായിരിക്കെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബി.ജെ.പി അനുകൂല വിരമിച്ച വൈസ് ചാന്‍സിലര്‍മാര്‍. കേരള സര്‍വകലാശാല മുന്‍ വി.സി ഡോ. എ. ജയകൃഷ്ണന്‍, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ. അബ്ദുല്‍ സലാം, കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വി.സി ഡോ.ഗോപകുമാര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്‍ തുടങ്ങിയവരാണ് ഗവര്‍ണര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നത്.

തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ഒരു കോണ്‍ക്ലേവിലാണ് ഇവര്‍ ഗവര്‍ണര്‍ക്ക് പിന്തുണ അറിയിച്ചത്. കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശം കടലാസിലൊതുങ്ങിയെന്ന് പ്രസ്തുത കോണ്‍ക്ലേവ് പ്രമേയം അവതരിപ്പിച്ചു. അതേസമയം കോണ്‍ക്ലേവിന് പിന്നില്‍ സംഘപരിവാര്‍ അനുകൂല സംഘടനകളാണെന്ന് ആരോപണവമുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ താന്‍ വി.സിയായിരുന്നപ്പോള്‍ അനുഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ഗവര്‍ണര്‍ അനുഭവിക്കുന്നതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വി.സി ഡോ. അബ്ദുല്‍ സലാം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ നോമിനേഷനില്‍ വി.സിയായ അബ്ദുല്‍ സലാം പിന്നീട് ബി.ജെ.പിയില്‍ ചേരുകയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു കര്‍മ്മ പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ തയ്യാറാക്കി നല്‍കിയിരുന്നു എന്നും എന്നാല്‍ ആ പദ്ധതി പൂര്‍ണമായും നടപ്പിലായില്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. രാഷ്ട്രീയ സ്വാധീനമുള്ള സെനറ്റും സിന്റിക്കേറ്റുമാണ് സര്‍വകലാശാലകള്‍ ഭരിക്കുന്നതെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി ഗാന്ധിഭവന്‍ മുന്‍ ക്യാമ്പസ് ഡയറക്ടര്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ നായര്‍ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞു.

വിവിധ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സില്‍ പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് രാഷ്ട്രീയ ഇടപെടലുകള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് കേരള യൂണിവേഴ്‌സിറ്റി മുന്‍ വി.സി ഡോ. ജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ക്യാമ്പസ് രാഷ്ട്രീയം ഒരു വലിയ റിസര്‍വോയര്‍ ആണെന്നും കുറച്ച് ആളുകള്‍ക്ക് മാത്രമേ അതിന് മുകളിലേക്ക് എത്താനാകുന്നുള്ളൂ എന്നും കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വി.സി ഡോ. ജി ഗോപകുമാര്‍ കോണ്‍ക്ലേവില്‍ പറഞ്ഞു.

content highlights: Pro-BJP former VCs support Arif Mohammad Khan