| Friday, 2nd August 2019, 10:05 pm

രാജ്യത്ത് വിദേശ നിക്ഷേപം വര്‍ധിക്കുകയാണെന്ന് നിര്‍മ്മല സീതാരാമന്‍; ട്വീറ്റിന് താഴെ ബി.ജെ.പി അനുഭാവി വ്യവസായികളുടെ കണ്ണീര്‍ പ്രവാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്ത് വിദേശ നിക്ഷേപം വര്‍ധിക്കുകയാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ട്വീറ്റിന് താഴെ വിമര്‍ശനവും സങ്കടവും രേഖപ്പെടുത്തി വ്യവസായികള്‍. വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട അഞ്ഞൂറോളം പേരാണ് ട്വീറ്റിന് താഴെ പരാതി പറഞ്ഞത്. ഇതില്‍ ഭൂരിഭാഗം പേരും തങ്ങള്‍ ബി.ജെ.പി അനുഭാവമുള്ളവരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് നിങ്ങളുടെ ലക്ഷ്യം? എത്ര വ്യവസായികളെയും നിക്ഷേപകരെയുമാണ് നിങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കുന്നത്?. ഇപ്പോള്‍ കര്‍ഷകര്‍ മാത്രമേയുള്ളൂ, ഇനി വ്യവസായികളും എന്നാണ് നേഹ എന്ന വ്യക്തി ട്വീറ്റ് ചെയ്തിരിക്കുന്നത്.

എല്ലാ നിക്ഷേപകരും കരയുകയാണ്. ഫ്‌ളിപ്പകാര്‍ട്ട് വാള്‍മാര്‍ട്ടിന് വിറ്റത് കാരണമാണ് ഈ വളര്‍ച്ച. സര്‍ക്കാരിന് എന്ത് പങ്കാണുള്ളത്. താഴെ തട്ടില്‍ സ്ഥിതി വളരെ മോശമാണ്. സര്‍ക്കാര്‍ ഇതില്‍ ഇടപെട്ടില്ലെങ്കില്‍ ഞങ്ങള്‍ തൊഴില്‍ രഹിതരാകുമെന്നാണ് മറ്റൊരു വ്യക്തി പ്രതികരിച്ചിരിക്കുന്നത്.

17 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജൂലായ് മാസത്തില്‍ ഓഹരി വിപണി ഇത്രയും മോശമായ പ്രകടനം കാഴ്ചവെയ്ക്കുന്നത്. ഇതും പലരുടെയും ട്വീറ്റുകളില്‍ പ്രതിഫലിക്കുന്നുണ്ട്.

സാധാരണക്കാര്‍ വ്യവസായ യൂണിറ്റുകള്‍ പൂട്ടുന്നു. ഓട്ടോമൊബൈല്‍ സെക്ടര്‍ കഴിഞ്ഞ മൂന്ന് മാസമായി തകര്‍ച്ചയെ നേരിടുന്നു. ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഇടപെടണമെന്ന് മറ്റൊരു വ്യക്തി അപേക്ഷിക്കുന്നു.

നിങ്ങള്‍ സമ്പദ്‌വ്യവസ്ഥയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയാണെന്ന് നിര്‍മ്മല സീതാരാമനെ കുറ്റപ്പെടുത്തന്നവരും ഉണ്ട്. കഫേ കോഫി ഡേ സ്ഥാപകന്‍ ആത്മഹത്യ ചെയ്തതും പലരും മറുപടികളില്‍ സൂചിപ്പിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more