| Sunday, 26th May 2024, 11:04 am

ഐ.പി.എല്ലിൽ കപ്പടിക്കുന്നവരെയും ഫൈനലിസ്റ്റുകളെയും കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക; സഞ്ജുവിന്റെ രാജസ്ഥാനും കോളടിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ കലാശക്കൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ പതിനേഴാം ഐ.പിഎല്‍ സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കൊല്‍ക്കത്ത ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തുകൊണ്ടുമാണ് ഹൈദരാബാദ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഉള്ള ടീമുകള്‍ തന്നെയാണ് ഈ സീസണില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ നിന്നും 9 വിജയവും മൂന്നു തോല്‍വിയും അടക്കം 20 പോയിന്റോടെയാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.

മറുഭാഗത്ത് 14 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും അഞ്ച് തോല്‍വിയും അടക്കം 17 പോയിന്റോടെയാണ് ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഐ.പി.എല്ലിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടായിരിക്കും കൊല്‍ക്കത്ത ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. മറുഭാഗത്ത് 2016ന് ശേഷം വീണ്ടും ഐ.പി.എല്ലിന്റെ കിരീടം ചൂടാന്‍ ആയിരിക്കും ഓറഞ്ച് ആര്‍മി ലക്ഷ്യമിടുക.

ഫൈനലില്‍ കിരീടം നേടുന്നവര്‍ക്കും റണ്ണേഴ്‌സ് അപ്പിനും മൂന്നാം സ്ഥാനക്കാര്‍ക്കും നാലാം സ്ഥാനക്കാര്‍ക്കും വമ്പന്‍ തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആയ ബി.സി.സി.ഐ മുന്നോട്ടുവച്ചിട്ടുള്ളത്. 46.5 കോടി രൂപയാണ് ആദ്യ നാല് സ്ഥാനക്കാര്‍ക്ക് നല്‍കുക. ഫൈനലില്‍ കിരീടം നേടുന്ന ടീമിന് 20 കോടി രൂപയും രണ്ടാം സ്ഥാനക്കാരാവുന്ന ടീമിന് 13 കോടി രൂപയും ആണ് ലഭിക്കുക.

മൂന്നാം സ്ഥാനക്കാര്‍ക്ക് ഏഴ് കോടി രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 6.5 കോടി രൂപയും ലഭിക്കും. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പരാജയപ്പെടുത്തി രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയ രാജസ്ഥാന്‍ റോയല്‍സി ആയിരിക്കും ഏഴ് കോടി രൂപ ലഭിക്കുക. എലിമിനേറ്ററില്‍ പരാജയപ്പെട്ട റോയല്‍ ചലഞ്ചേഴ്‌സിന് 6.5 കോടി രൂപയും ലഭിക്കും.

ഈ സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനും വിക്കറ്റുകള്‍ നേടിയ താരത്തിനും 15 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. 14 മത്സരങ്ങളില്‍ നിന്നും 741 റണ്‍സ് അടിച്ചെടുത്ത വിരാട് കോഹ്‌ലി തന്നെയാണ് ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുക എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

14 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ വീഴ്ത്തിയ പഞ്ചാബ് കിങ്‌സിന്റെ ഹര്‍ഷല്‍ പട്ടേലുമാണ് പര്‍പ്പിള്‍ ക്യാപ്പിന്റെ പോരാട്ടത്തില്‍ ഒന്നാമത് ഉള്ളത്. ഫൈനല്‍ കളിക്കുന്ന താരങ്ങളില്‍ കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തിയും ഹൈദരാബാദിന്റെ നടരാജനുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ളത്.

വരുണ്‍ ചക്രവര്‍ത്തി 20 വിക്കറ്റുകളും നടരാജന്‍ 19 വിക്കറ്റുകളും ആണ് നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വരുന്നിന് ഹര്‍ഷല്‍ പട്ടേലിനെ മറികടക്കാന്‍ അഞ്ച് വിക്കറ്റുകളും നടരാജന് ആറ് വിക്കറ്റുകളും ആവശ്യമാണ്.

ഈ സീസണിലെ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്ന താരത്തിന് 20 ലക്ഷം രൂപയും ഏറ്റവും വാല്യൂബിള്‍ ആയിട്ടുള്ള താരത്തിന് 12 ലക്ഷം രൂപയുമാണ് ലഭിക്കുക.

Content Highlight: Prize Money for the IPL 2024 Awards

Latest Stories

We use cookies to give you the best possible experience. Learn more