ഒരോവറില്‍ ആറ് സിക്‌സ് നേടിയ ദല്‍ഹിയുടെ പോരാളി; അടുത്ത ലക്ഷ്യം വെളിപ്പെടുത്തി!
Sports News
ഒരോവറില്‍ ആറ് സിക്‌സ് നേടിയ ദല്‍ഹിയുടെ പോരാളി; അടുത്ത ലക്ഷ്യം വെളിപ്പെടുത്തി!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd September 2024, 6:35 pm

2024 ദല്‍ഹി പ്രീമിയര്‍ ലീഗില്‍ ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച പ്രിയാന്‍ഷ് ആര്യനെക്കുറിച്ച് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്തിരുന്നു. ഒരു ഓവറില്‍ ആറ് സിക്സറുകള്‍ അടക്കം നേടിക്കൊണ്ടായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

50 പന്തില്‍ 240.00 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലാണ് ആര്യന്‍ റണ്ണടിച്ചുകൂട്ടിയത്. പത്ത് ഫോറും അത്ര തന്നെ സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ആകെയടിച്ച പത്ത് സിക്സറില്‍ ആറെണ്ണം ഒരു ഓവറില്‍ നിന്നാണ്. നോര്‍ത്ത് ദല്‍ഹി സ്ട്രൈക്കേഴ്സിനെതിരെയുള്ള മത്സരത്തില്‍ സ്പിന്നര്‍ മനന്‍ ഭരദ്വാജിന്റെ ഓവറിലാണ് ആര്യന്‍ ആറ് സിക്സറുകള്‍ പറത്തിയത്.

ഇപ്പോള്‍ പി.ടി.ഐക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ആര്യന്‍ തന്റെ ഇഷ്ട താരം വിരാട് കോഹ്‌ലിക്കൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരില്‍ കളിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. മാത്രമല്ല ബാംഗ്ലൂരിന് കന്നി ഐ.പി.എല്‍ ട്രോഫി നേടാന്‍ സഹായിക്കണമെന്നാണ് 23കാരന്റെ ആഗ്രഹം.

‘എന്റെ ഇഷ്ട ക്രിക്കറ്റ് താരമാണ് വിരാട്, കോഹ്‌ലിക്കൊപ്പം ആര്‍.സി.ബിയില്‍ എനിക്ക് കളിക്കണം. ഞാന്‍ അദ്ദേഹത്തിന്റെ ആക്രമണ രീതിയെ വളരെയധികം ഇഷ്ടപ്പെടുന്നു. എനിക്ക് ക്രിക്കറ്റ് വളരെ അഗ്രസീവ് ആയി കളിക്കാനും ഇഷ്ടമാണ്. വിരാട് എന്റെ ആരാധനാപാത്രമാണ്,’ പ്രിയാന്‍ഷ് പി.ടി.ഐയോട് പറഞ്ഞു.

ദല്‍ഹി സൂപ്പര്‍സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ ആയുഷ് ബഡോണിക്കൊപ്പം 286 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്. 308 റണ്‍സ് നേടിയ ടീം നോര്‍ത്ത് ഡല്‍ഹിയെ 196 റണ്‍സിലും പരാജയപ്പെടുത്തുകയായിരുന്നു. 2024 ദല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒമ്പത് ഇന്നിങ്സുകളില്‍ നിന്ന് 602 റണ്‍സാണ് ആര്യന്‍ നേടിയത്.

 

Content Highlight: Priyansh Aryan wants to play with Virat Kohli at RCB