|

എന്‍.എം. വിജയന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക; എം.പി. മണ്ഡലത്തിലെത്തുന്നത് ഒന്നര മാസത്തെ ഇടവേളക്ക് ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി സഹകരണ ബാങ്കിലെ നിയമനത്തിന് കോഴവാങ്ങി പ്രതിസന്ധിയിലായതിന് പിന്നാലെ ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ വീട് വയനാട് എം.പി. പ്രിയങ്കഗാന്ധി സന്ദര്‍ശിച്ചു. കെ.സി. വേണുഗോപാല്‍ എം.പി, ടി. സിദ്ദീഖ് എം.എല്‍.എ തുടങ്ങിയവരും പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.

കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പടെ ഇടപെടുമെന്ന് പ്രിയങ്ക ഉറപ്പുനല്‍കിയതായി എന്‍.എം. വിജയന്റെ കുടുംബം പിന്നീട് പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രിയങ്ക ഉറപ്പുനല്‍കിയതായി കുടുംബം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉള്‍പ്പടെയുള്ളവരാണ് ഈ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. ഇവര്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കൂടുതല്‍ നടപടികളെടുക്കുമെന്നാണ് പ്രിയങ്ക കുടുംബത്തോട് പറഞ്ഞിട്ടുള്ളതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട്ടിലും പ്രിയങ്ക സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രിയങ്ക കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് റോഡ് മാര്‍ഗം വയനാട്ടിലെത്തുകയായിരുന്നു.

ഇതിനിടെ മാനന്തവാടിയില്‍ വെച്ച് സി.പി.ഐ.എം. പ്രവര്‍ത്തകര്‍ പ്രിയങ്കക്ക് നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകീട്ട് മേപ്പാടിയില്‍ വെച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മലയോര ജാഥയിലും പ്രിയങ്ക പങ്കെടുക്കും.

ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് പ്രിയങ്ക സ്വന്തം മണ്ഡലമായ വയനാട്ടിലെത്തുന്നത്. നേരത്തെ ആത്മഹത്യ ചെയ്ത എന്‍.എം. വിജയന്റെ വീട് പ്രിയങ്കയുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇന്ന് പ്രിയങ്കയുടെ സന്ദര്‍ശനം.

പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട്ടില്‍ പ്രിയങ്കയെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പക്ഷേ എന്‍.എം. വിജയന്റെ വീട്ടിലെത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമായി.

CONTENT HIGHLIGHTS:  Priyanka visits N.M. Vijayan’s house; MP Reaching the constituency after a gap of one and a half months

Latest Stories