| Friday, 14th May 2021, 11:26 am

'അവളെ ക്രൂരമായി മര്‍ദ്ദിച്ചു. മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്': പ്രിയങ്കയുടെ മരണത്തില്‍ രാജന്‍ പി ദേവിന്റെ മകനെതിരെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പി. ദേവിന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണിയ്ക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രിയങ്കയുടെ അനിയനും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ അന്വേഷണം നടക്കുകയാണ്.

ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. ഉണ്ണി പ്രിയങ്കയെ സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റ വീഡിയോയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.

സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും രേഷ്മ പറഞ്ഞു.

”പ്രണയവിവാഹമായിരുന്നു അവരുടേത്. തുടക്കത്തില്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഉണ്ണി ഓരോ ആവശ്യത്തിനായി ചേച്ചിയുടെ ആഭരണങ്ങളടക്കം വിറ്റഴിച്ചു. ഇടയ്ക്കിടെ പണം ആവശ്യപ്പെടുമായിരുന്നു. ഇയാള്‍ ചോദിക്കുന്ന പണം മുഴുവന്‍ കുഞ്ഞമ്മ (പ്രിയങ്കയുടെ അമ്മ) അയച്ചു കൊടുക്കുമായിരുന്നു. ഈ പ്രശ്നങ്ങളൊന്നും തുടക്കത്തില്‍ ചേച്ചി ഞങ്ങളോട് പറഞ്ഞിരുന്നില്ല.

എല്ലാം വിറ്റ് തുലച്ച് ഒന്നും ഇല്ലാതെയായപ്പോള്‍ ചേച്ചിയെ ആ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചു. മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് അവള്‍ തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. വെമ്പായത്തെ വീട്ടില്‍ തിരിച്ചുവന്നതിന് ശേഷമാണ് ചേച്ചി പരാതി കൊടുത്തത്. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. അതിനിടെ അവളുടെ ഫോണില്‍ ഏതോ ഒരു കോള്‍ വന്നു. അത് അവളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്. ഉണ്ണിയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം,’ രേഷ്മ പറഞ്ഞു.

അതേസമയം പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഇതുവരെ ഉണ്ണി പി. ദേവിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: priyanka Suicide Family agsinst Rajan p dev son Unni p dev

We use cookies to give you the best possible experience. Learn more