| Wednesday, 17th July 2019, 8:28 am

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായേക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ അനിശ്ചിതത്വം തുടരവേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന വികാരം പാര്‍ട്ടിയ്ക്കുള്ളിലുണ്ടെന്നും അന്തിമതീരുമാനം ഈയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തോടെ ഉണ്ടായേക്കുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ളവരെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നു. നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പ്രിയങ്കയുടേ പേര് പരസ്യമായി ഉന്നയിച്ചിട്ടില്ല. അതേസമയം ചില നേതാക്കള്‍ പ്രിയങ്ക വന്നേക്കുമെന്ന സൂചന നല്‍കി.

‘ഒരുപാട് പേര്‍ ഇപ്പോള്‍ പറയുന്നുണ്ട് പ്രിയങ്ക കോണ്‍ഗ്രസ് പ്രസിഡന്റാകുമെന്ന്. എനിക്കും അങ്ങനെ തന്നെ തോന്നുന്നു. പാര്‍ട്ടിയെ നയിക്കാനുള്ള യോഗ്യത അവര്‍ക്കുണ്ട്.’- മുന്‍ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജൈസ്വാളിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക് വരണമെന്ന് അടിത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെ ആഗ്രഹിക്കുന്നുണ്ടെന്ന് മൂന്ന് തവണ എം.പിയായ ഭക്തചരണ്‍ ദാസും പറഞ്ഞു. രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്കയെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പ്രിയങ്ക നേതൃസ്ഥാനത്ത് വന്നാല്‍ ഒരു നല്ല ടീമായിരിക്കും. രാഹുല്‍ജി രാജിതീരുമാനത്തില്‍ നിന്ന് പിന്മാറുന്നില്ലെങ്കില്‍ പ്രിയങ്കയെ തന്നെ തെരഞ്ഞെടുക്കണം.’ ദാസ് പറഞ്ഞു.

അതേസമയം രാഹുലിന്റെ വാക്ക് മാനിച്ച് പ്രിയങ്ക നേതൃസ്ഥാനത്തേക്ക് വന്നേക്കില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more