ന്യൂദല്‍ഹി: സ്വന്തം കുറവുകള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്ന മോദി ഗൃഹപാഠം ചെയ്യാത്തതിന് ബാലിശമായ കാരണങ്ങള്‍ പറയുന്ന സ്‌കൂള്‍ കുട്ടിയെ പോലെയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
മോദിയോട് എന്തെങ്കിലും ചോദിച്ചാല്‍ ‘ഞാനെന്ത് ചെയ്യും, നെഹ്‌റു എന്റെ കടലാസെടുത്തു, ഇന്ദിരാഗാന്ധി എന്റെ ഹോംവര്‍ക്കെടുത്ത് തോണിയുണ്ടാക്കി വെള്ളത്തില്‍ മുക്കി’ എന്നൊക്കെ പറഞ്ഞ് സ്‌കൂള്‍ കുട്ടിയെ പോലെയാണ് അദ്ദേഹം പെരുമാറുകയെന്ന് പ്രിയങ്ക പറഞ്ഞു.
മെഹ്‌റോളി മുതല്‍ മജ്‌നു കാ ടില്ല വരെ ദല്‍ഹിയെ തനിക്ക് അറിയാം. ലോക് കല്യാണ്‍ മാര്‍ഗിലെ (പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) മാത്രമേ അദ്ദേഹത്തിനറിയൂ. 47 വര്‍ഷമായി ഞാന്‍ ദല്‍ഹിയില്‍ താമസിക്കുന്നുണ്ട്. മോദി ദല്‍ഹിയില്‍ വന്നിട്ട് അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂവെന്നും പ്രിയങ്ക പറഞ്ഞു.
ദല്‍ഹിയില്‍ നിന്നുള്ള ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിക്കുന്നു; 2014ല്‍ നല്‍കിയ വ്യാജ വാഗ്ദാനങ്ങളുടെ പേരില്‍ ഇവിടത്തെ ജനങ്ങളെ സമീപിക്കാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോ ? മോദിയുടെ വലിയ വര്‍ത്തമാനങ്ങള്‍ കേട്ട് ദല്‍ഹിയ്ക്ക് മടുത്തിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
ദല്‍ഹിയിലെ ബ്രഹ്മപുരിയില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് മോദിയ്‌ക്കെതിരായ പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനം.