ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ജീവിതകഥ പറയുന്ന ‘അണ്‍ഫിനിഷ്ഡ്’ എന്ന പുസ്തകം ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. പുസ്തകത്തില്‍ തന്റെ കുട്ടിക്കാലവും കൗമാരവും സിനിമാജീവിതവും പ്രിയങ്ക വരിച്ചിടുന്നുണ്ട്.
സിനിമാ കരിയറില്‍ താന്‍ നേരിടേണ്ടി വന്ന ചില പ്രതിസന്ധികളും താരം തുറന്നെഴുതുന്നുണ്ട്. ഒരു സംവിധായകനില്‍ നിന്നും താന്‍ നേരിട്ട അനുഭവമാണ് താരം പറയുന്നത്. കരിയറിന്റെ തുടക്കത്തില്‍ ഒട്ടും പ്രൊഫഷണലല്ലാത്ത രീതിയില്‍ തന്നോട് പെരുമാറിയ സംവിധായകനെ കുറിച്ചാണ് താരം തുറന്നെഴുതിയത്. സംവിധായകന്റെ പേര് പ്രിയങ്ക വെളിപ്പെടുത്തിയിട്ടില്ല.
‘ കരിയറിന്റെ തുടക്കമാണ്. ആ ചിത്രത്തില്‍ ഒരു ഗാനരംഗമുണ്ടായിരുന്നു. ഗാനരംഗത്തിലെ ഒരു സീനില്‍ ദേഹത്ത് കിടക്കുന്ന വസ്ത്രങ്ങള്‍ അഴിച്ചുമാറ്റണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. നിരവധി ലെയറുകളുള്ള വസ്ത്രം ധരിച്ച് അതില്‍ ഏതെങ്കിലും മാറ്റാനാണോ ഉദ്ദേശിച്ചത് എന്ന് ഞാന്‍ ചോദിച്ചു.
‘എന്റെ സ്‌റ്റൈലിസ്റ്റുമായി സംസാരിക്കണം’ എന്നായിരുന്നു അതിന് സംവിധായകന്‍ നല്‍കിയ മറുപടി. അതുപ്രകാരം ഞാന്‍ അദ്ദേഹത്തെ വിളിച്ച് രംഗം വിശദീകരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ സംവിധായകന് കൈമാറി. അതിന് ശേഷം എന്നോട് അദ്ദേഹം സംസാരിച്ച രീതിയാണ് ഞെട്ടിച്ചുകളഞ്ഞത്.
എന്ത് സംഭവിച്ചാലും അടിവസ്ത്രം പുറത്തുകണ്ടിരിക്കണം. അല്ലെങ്കില്‍ പിന്നെ എന്ത് കാണാനാണ് ആളുകള്‍ സിനിമയ്ക്ക് വരുന്നത്’, എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
ആ സംസാരത്തിന് ശേഷം ചിത്രത്തില്‍ നിന്നും ഞാന്‍ പിന്മാറി. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ആ രംഗം ചെയ്യാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു. പക്ഷേ സംവിധായകന്റെ ആ സംസാരവും അദ്ദേഹം എന്നെ പരിഗണിച്ചരീതിയും അംഗീകരിക്കാന്‍ ആവുന്നതായിരുന്നില്ല,’ പ്രിയങ്ക പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക