ഉജ്ജയിനി: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ പൊതുസ്ഥലത്ത് വെച്ച് സ്ത്രീ ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. വഴിയാത്രക്കാർ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
രാഷ്ട്രം മുഴുവൻ സ്തംഭിച്ചിരിക്കുകയാണെന്നും നമ്മുടെ സമൂഹം എവിടേക്കാണ് പോകുന്നതെന്ന് ആശ്ചര്യപ്പെടുകയാണെന്നും പ്രിയങ്കാ ഗാന്ധി തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.
‘മധ്യപ്രദേശിലെ ഉജ്ജയിനിൽ നടപ്പാതയിൽ പട്ടാപ്പകൽ ഒരു സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം ഭയാനകമാണ്. ഇന്ന് നമ്മുടെ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന് ആശ്ചര്യപ്പെട്ട് രാജ്യം മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സ്ത്രീയെ രക്ഷിക്കുന്നതിനു പകരം വഴിയാത്രക്കാർ വീഡിയോ എടുക്കുകയായിരുന്നു. സ്ത്രീകൾക്കെതിരെ തുടർച്ചയായി വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ഇരകളോടും അവരുടെ കുടുംബങ്ങളോടും പൊലീസ് ഭരണകൂടത്തിൻ്റെ മനോഭാവവും ഭരണ വ്യവസ്ഥയുടെ തകർച്ചയാണ് കാണിക്കുന്നത് , ‘ പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.
മധ്യപ്രദേശിലെ ഉജ്ജയിനിൽ തിരക്കേറിയ റോഡിൽ വെച്ച് യുവതി ബലാത്സംഗത്തിനിരയായിരുന്നു. വഴിയാത്രക്കാർ യുവതിയെ സംരക്ഷിക്കുന്നതിന് പകരം ലൈംഗികാതിക്രമം ഫോണിൽ ചിത്രീകരിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ മണ്ഡലത്തിലാണ് കുറ്റകൃത്യം നടന്നത്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നായ കൊയ്‌ല ഫടക് ഏരിയയിലാണ് സംഭവം നടന്നത്. പ്രതി ലോകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രി പെറുക്കി ജീവിക്കുന്ന യുവതിയെ ലോകേഷ് വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ച് തന്റെ കൂടെ കൊണ്ടുപോകാൻ ശ്രമിച്ചു. തുടർന്ന് യുവതിയെക്കൊണ്ട് മദ്യം കുടിപ്പിക്കുകയും ഫുട്പാത്തിൽ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. സമീപത്ത് കൂടി പോയ യാത്രക്കാർ ആരും തന്നെ യുവതിയെ സഹായിച്ചില്ല.
സംഭവത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതായി കോൺഗ്രസ് പറഞ്ഞു. ‘പവിത്രനഗരമായ ഉജ്ജയിൻ നാണം കെടുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവർ ഒന്നുകിൽ നാണക്കേട് കൊണ്ട് മരിക്കണം അല്ലെങ്കിൽ രാജിവെക്കണം,’ കോൺഗ്രസ് എക്‌സിൽ പോസ്റ്റ് ചെയ്തു.
‘മധ്യപ്രദേശിൽ ഇപ്പോൾ പകൽ വെളിച്ചത്തിൽ ബലാത്സംഗങ്ങൾ നടക്കുന്നു, തുറന്ന തെരുവുകളിൽ. നിയമവും സർക്കാരും പൂർണ്ണമായും ഇല്ലാതാകുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ. മുഖ്യമന്ത്രിയുടെ നാട്ടിലെ സ്ഥിതി ഇതാണെങ്കിൽ ബാക്കി സ്ഥലങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ,’ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി പറഞ്ഞു.