national news
ഇന്ത്യന്‍ സഖ്യത്തിന്റെ നേതാവായി കെജ്‌രിവാളിന്റെ പേര് നിര്‍ദേശിച്ച് പ്രിയങ്ക കക്കാര്‍
ന്യൂദല്‍ഹി: ഇന്ത്യന്‍ സഖ്യത്തിന്റെ നേതാവായി ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന്റെ പേര് നിര്‍ദേശിച്ച് എ.എ.പി പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കാര്‍. അദ്ദേഹം ജനങ്ങളുടെ പ്രശ്‌നം നിരന്തരം ഉയര്‍ത്തികൊണ്ടുവന്നെന്നും രാജ്യതലസ്ഥാനത്ത് വിലക്കയറ്റം കുറച്ചുകൊണ്ട് മാതൃക കാണിച്ചെന്നും പ്രിയങ്ക പറഞ്ഞു. ആരായിരിക്കും ഇന്ത്യന്‍ സഖ്യത്തിന്റെ നേതാവെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
‘പാര്‍ട്ടി വക്താവെന്ന നിലയില്‍ നിങ്ങള്‍ എന്നോട് ചോദിക്കുകയാണെങ്കില്‍ ഞാന്‍ അരവിന്ദ് കെജ്‌രിവാളിന്റെ പേര് പറയും. അദ്ദേഹം ജനങ്ങളുടെ പ്രശ്‌നം നിരന്തരം ഉന്നയിക്കുന്നുണ്ട്. ദല്‍ഹിയില്‍ വിലക്കയറ്റം കുറച്ചുകൊണ്ട് അദ്ദേഹം മാതൃക കാട്ടി. ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന പണം അവര്‍ക്കായി തന്നെ ചെലവഴിക്കുന്ന മാതൃകയാണ് അദ്ദേഹം കാട്ടിയത്. ഇത്രയും ക്ഷേമ പദ്ധതികള്‍ ഉണ്ടായിരുന്നിട്ടും, അദ്ദേഹം ലാഭകരമായ ബജറ്റ് തന്നെ അവതരിപ്പിച്ചു. എന്നാല്‍ ഇന്ത്യന്‍ സഖ്യത്തിന്റെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം എടുക്കാന്‍ എനിക്കാവില്ല,’ പ്രിയങ്ക പറഞ്ഞതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
പാചക വാതക സിലിണ്ടറുകളുടെ വില കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യന്‍ സഖ്യത്തിന്റെ മൂന്നാം യോഗത്തിന് ശേഷം ഇന്ധനവിലയും കുറയുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യന്‍ സഖ്യത്തിന്റെ പട്‌നയിലെയും ബെംഗളൂരുവിലെയും യോഗത്തിന് ശേഷം എല്‍.പി.ജിയുടെ വില 200 രൂപ കുറച്ചു. മുംബൈ യോഗത്തിന് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന് എനിക്കുറപ്പാണ്,’ അവര്‍ പറഞ്ഞു.
ഇന്ത്യന്‍ സഖ്യത്തിന്റെ മൂന്നാം യോഗം മുംബൈയില്‍ നാളെ നടക്കാനിരിക്കെയാണ് പ്രിയങ്കയുടെ പ്രസ്താവന. സബര്‍ബന്‍ മുംബൈ ലക്ഷ്വറി ഹോട്ടലിലാണ് യോഗം നടക്കുക. യോഗത്തില്‍ ഇന്ത്യയുടെ ലോഗോ അനാഛാദനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് വിവരം.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടുന്നതിനായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യന്‍ സഖ്യം രൂപീകരിച്ചത്. സഖ്യത്തിന്റെ ആദ്യ യോഗം പട്‌നയിലും രണ്ടാം യോഗം ബെംഗളൂരുവിലുമായിരുന്നത് നടന്നത്. ബെംഗളൂരുവില്‍ വെച്ച് നടന്ന യോഗത്തിലാണ് പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന് പേരിട്ടത്.
Content Highlights: Priyanka kakkar suggests arawind kejriwal as leader of india grouping