ന്യൂദല്‍ഹി: ഇസ്രഈല്‍ -ഫലസ്തീന്‍ സംഘര്‍ഷത്തില്‍ അടിയന്തിര യു.എന്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നതില്‍ ലജ്ജിക്കുന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
യുദ്ധ മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച യു.എന്‍ പാസാക്കിയ പ്രമേയവോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നതില്‍ ഞെട്ടലും ലജ്ജയും ഉണ്ടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘ഗസയിലെ വെടി നിര്‍ത്തലിനുവേണ്ടിയുള്ള വോട്ടെടുപ്പില്‍ നിന്ന് നമ്മുടെ രാജ്യം വിട്ടുനിന്നതില്‍ ഞാന്‍ വളരെയധികം ഞെട്ടലിലും ലജ്ജയിലുമാണ്.
നമ്മുടെ രാജ്യം അഹിംസയുടെയും സത്യത്തിന്റെയും തത്വങ്ങളില്‍ അധിഷ്ഠിതമാണ്. നമ്മുടെ സ്വാതന്ത്രസമരസേനാനികള്‍ അവരുടെ ജീവന്‍ ബലിയര്‍പ്പിച്ചതുമെല്ലാമാണ് നമ്മുടെ ഭരണഘടനയെ നിര്‍വചിക്കുന്ന അടിസ്ഥാന ഘടകം. അന്താരാഷ്ട്ര സമൂഹത്തിലെ അംഗമെന്ന നിലയില്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ നയിക്കുന്ന എല്ലാ കാര്യങ്ങളും ഇതിനെ പിന്‍പറ്റിയുള്ളതാണ്.
ദശലക്ഷക്കണക്കിന് ആളുകള്‍ ഗസയില്‍ ഭക്ഷണമോ വെള്ളമോ വൈദ്യസഹായമോ ഒന്നും ലഭിക്കാതെ ഫലസ്തീനില്‍ ഉന്മൂലനം ചെയ്യപ്പെടുമ്പോള്‍ നിശബ്ദമായി നില്‍ക്കുന്നത്, നമ്മുടെ രാഷ്ട്രം ഇതുവരെ കൈകൊണ്ടിട്ടുള്ള എല്ലാ നടപടികള്‍ക്കും എതിരാണ്,’ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഗസയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യു.എന്‍ കരട് പ്രമേയം ജനറല്‍ അസംബ്ലി അംഗീകരിച്ചിരുന്നു.
പ്രമേയത്തെ 120 പേരാണ് അനുകൂലിച്ചത്. എന്നാല്‍ 14 പേര്‍ എതിര്‍ക്കുകയും 45 പേര്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇന്ത്യ, ഐസ്ലാന്‍ഡ്, പനാമ, ലിവാനിയ, ഗ്രീസ് എന്നിവ ഉള്‍പ്പെടുന്ന 45 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.
Content Highlight: Priyanka ghandi on UN vote on Gaza ceasefire