ഭോപ്പാല്‍: സിയോനിയില്‍ ആദിവാസി യുവാക്കളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദളിതര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് ബി.ജെ.പിയുടെ അജണ്ടയാണെന്നും, ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രയങ്ക പറഞ്ഞു.
പശുവിനെ കൊന്നുവെന്നാരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആദിവാസികള്‍ക്കായി കോടികളാണ് ബി.ജെ.പി ചിലവഴിക്കുന്നത്.
ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്‍പായി ആദിവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ചൗഹാന്‍ സര്‍ക്കാരിന്റെ കീഴില്‍ ആദിവാസികള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സിയോനിയില്‍ ഗോഹത്യ ആരോപിച്ച് നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികള്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടവരാണ്. ഇവരില്‍ പലരും സര്‍ക്കാരിന്റെ സഹായത്തോടെ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ ആദിവാസി പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. രാജ്യത്തെ മുഴുവന്‍ ജനസംഖ്യയില്‍ 21 ശതമാനവും ആദിവാസികളാണെന്നതിനാല്‍ ആദിവാസി വോട്ടുകള്‍ക്കു വേണ്ടിയുള്ള ചരടുവലികളും രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2021 മുതല്‍ 47 ശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളാണ്.
തെരഞ്ഞെടുപ്പ് അടുത്തതോടെ നഷ്ടപ്പെട്ട ആദിവാസി വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ ഈ വിഭാഗത്തെ കേന്ദ്രീകരിച്ച് നിരവധി പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. 2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആദിവാസി വിഭാഗത്തിന്റെ ഭൂരിഭാഗം വോട്ടുകളും കോണ്‍ഗ്രസിനായിരുന്നു.
ഗോഹത്യ ആരോപിച്ച് കൊല്ലപ്പെട്ട യവാക്കള്‍ക്ക് 8.25 ലക്ഷം രൂപ കൈമാറുമെന്ന് പ്രാദേശിക അധികാരികള്‍ വാഗ്ദാനം ചെയ്തിരുന്നു. സംഭവത്തില്‍ ഇതുവരെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമ്പത്ത് ബാട്ടി, ദന്‍സ എന്നിവരാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പശുവിന് കൊന്നുവെന്നാരിച്ച് 20 അംഗസംഘം ആദിവാസി യുവാക്കളെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു രണ്ടുപേരും മരണപ്പെട്ടത്.