ഭോപ്പാല്‍: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോടുള്ള ആരാധന വെളിവാക്കി ബി.ജെപി നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍. പ്രിയങ്ക ഗാന്ധിയുടെ വ്യക്തിത്വത്തെ അഭിനന്ദിച്ച ബാബുലാല്‍ ഗൗര്‍ അവര്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രതിബിംബമാണെന്നും പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പു പ്രചരണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. “നെഹ്റു കുടുംബത്തോട് ആളുകള്‍ക്ക് പ്രത്യേക താല്പര്യമുണ്ട്. പ്രത്യേകിച്ച് ഇന്ദിരാ ഗാന്ധിയോട്. ഇന്ദിരാഗാന്ധിയുടെ അതേ രൂപമാണ് പ്രിയങ്കയ്ക്ക്.” എന്നാണ് അദ്ദേഹം പറഞ്ഞത്.
” അവരുടെ വ്യക്തിത്വത്തില്‍ ആകര്‍ഷിക്കപ്പെട്ടാണ് അവരെ കാണാന്‍ ആളുകള്‍ കൂടുന്നത്. ഈ വന്‍ ആള്‍ക്കൂട്ടം പോസിറ്റീവായ സന്ദേശമാണ് നല്‍കുന്നത്. അത് തെരഞ്ഞെടുപ്പ് നേട്ടമായി മാറും.” എന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധി പ്രചരണം നടത്തിയ മേഖലകളിലെല്ലാം കോണ്‍ഗ്രസിനു നേട്ടമുണ്ടാകുമെന്നും ബാബുലാല്‍ പറഞ്ഞു. ” എല്ലായിടത്തുമില്ല. പക്ഷേ പ്രിയങ്കാ ഗാന്ധി പ്രചരണം നടത്തുന്ന മേഖലകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും. അവര്‍ എവിടെയൊക്കെ പോകുന്നുണ്ടോ അവിടെയൊക്കെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും. പക്ഷേ രാജ്യമെമ്പാടും ആ നേട്ടമുണ്ടാവില്ല.” അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദി ദേശീയ നേതാവാണെന്നും അദ്ദേഹത്തിന്റെ സ്വാധീനം ദേശീയതലത്തില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.