| Tuesday, 22nd December 2020, 7:48 am

പശു രാഷ്ട്രീയം; 'ഗോമാതാവിനെ' സംരക്ഷിക്കാന്‍ ആദിത്യനാഥിനെ ഉപദേശിച്ച് പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ പശുക്കളുടെ ദുരിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ആദിത്യനാഥിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കത്ത്. ലളിത്പൂരിലെ സോജനയില്‍ ചത്ത പശുക്കളുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ആദിത്യനാഥിന് കത്തയച്ചത്.

ലളിത്പൂരിലെ പശുക്കളുടെ മരണകാരണം ഔദ്യോഗികമായി വ്യക്തമല്ലെങ്കിലും പട്ടിണികിടന്നാണ് ഭൂരിഭാഗവും ചത്തതെന്ന് മനസിലാക്കാമെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ പറയുന്നു.

ഇത്തരത്തിലുള്ള പശുക്കളുടെ ചിത്രങ്ങള്‍ കാണുന്നത് ആദ്യമല്ലെന്നും യു.പിയില്‍ വിവിധ ഇടങ്ങളിലായി പശുക്കള്‍ വലിയ ദുരിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതിന് ഉടന്‍ പരിഹാരം വേണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

പശുക്കളെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലംകണ്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

പശു സംരക്ഷണ വിഷയത്തില്‍ ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊളളാനും പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനോട് പറഞ്ഞു.

മഹാത്മാ ഗാന്ധി പശു സംരക്ഷണമെന്നത് കൊണ്ട് നിസ്സഹായരും ദുര്‍ബലരുമായ എല്ലാ ജിവീകളുടെയും സംരക്ഷണത്തിലാണ് വിശ്വസിച്ചതെന്നും പ്രിയങ്ക ഗാന്ധി ഓര്‍മ്മിപ്പിച്ചു.

ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ ഗോദാന്‍ ന്യായ് യോജന പദ്ധതി വഴി പശുക്കളെ സംരക്ഷിക്കാനും അവയെ പരിസ്ഥിതി സംരക്ഷണത്തിനും വരുമാനമുണ്ടാക്കുന്നതിനും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ നിന്ന് ചത്ത പശുക്കളുടെ ചിത്രം പ്രചരിച്ചത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രിയങ്ക ആദിത്യനാഥിന് കത്തെഴുതിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Priyanka Gandhi writes to CM Adityanath, raises concern over condition of cows in UP

We use cookies to give you the best possible experience. Learn more